പുകവലി ഉപേക്ഷിച്ചാൽ ഹൃദയാരോഗ്യം മെച്ചപ്പെടുമോ? ശ്വാസകോശത്തിന് എന്ത് സംഭവിക്കും
ശരീരത്തിലെ മിക്കവാറും എല്ലാ സംവിധാനങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പുകവലി. ഈ ശീലം കാൻസറിന് പോലും കാരണമാകുമെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. ആഗോളതലത്തിൽ ഗുരുതരമായ രോഗങ്ങൾക്ക് ഇപ്പോഴും വലിയ കാരണമായി പുകവലി തുടരുന്നു. ശ്വാസകോശത്തിലും തൊണ്ടയിലും അർബുദം ഉൾപ്പെടെ ഹൃദ്രോഗം, പക്ഷാഘാതം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, പ്രമേഹം എന്നിവയ്ക്ക് വരെ പുകവലി കാരണമാകുന്നു.
ഒരു സിഗരറ്റ് പോലും ദോഷം ചെയ്യും…
വലിക്കുന്ന ഓരോ സിഗരറ്റും ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദിവസവും ഒരു സിഗരറ്റ് വലിക്കുന്നത് പോലും പുരുഷന്മാരിൽ ഹൃദ്രോഗ സാധ്യത 48 ശതമാനവും സ്ത്രീകളിൽ 57 ശതമാനവും വർധിപ്പിക്കുന്നുവെന്ന് ബിഎംജെ പഠനം പറയുന്നു. ഈ കാര്യം പലരും മനസ്സിലാക്കുന്നതിനേക്കാൾ വളരെ നേരത്തെ ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചേക്കാമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഏറ്റവുംവലിയ പ്രശ്നങ്ങളിലൊന്നാണ് പുകവലി. നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ്, മറ്റ് വിഷവസ്‌തുക്കൾ എന്നിവ ഹൃദയത്തെയും രക്തക്കുഴലുകളെയും പല രീതിയിൽ ദോഷകരമായി ബാധിക്കുന്നു. അതിനാൽ, എത്രകാലം പുകവലിച്ചിട്ടുണ്ടെങ്കിലും ഈ ശീലം നിർത്തുന്നത് ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുകവലി നിർത്തുന്നതോടെ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുന്നു. ഇതോടെ, ശ്വാസകോശം വിഷവസ്‌തുക്കളെ പുറന്തള്ളാൻ ആരംഭിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും.
ഒരാൾ പുകവലി നിർത്തുമ്പോൾ നമ്മുടെ ശ്വാസകോശ സംവിധാനം മെച്ചപ്പെടാൻ ആരംഭിക്കുന്നു. പുകവലി നിർത്തുന്നത് ശ്വാസനാളത്തിലെ വീക്കം, കഫം അമിതമായി പുറന്തള്ളുക എന്നീ പ്രശ്‌നങ്ങളെ കുറയ്ക്കുകയും ശ്വാസകോശ രോഗങ്ങളുടെ പുരോഗതി പതുക്കെയാക്കുകയും ചെയ്യുമെന്ന് യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
രോഗപ്രതിരോധ സംവിധാനം
പുകവലി ആളുകളെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. ഈ ശീലം വീക്കം വർധിപ്പിക്കുകയും പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഒരിക്കലും പുകവലിക്കാത്തവരിലും പുകവലി ഉപേക്ഷിച്ചവരിലും നിലവിൽ പുകവലിക്കുന്നവരെ അപേക്ഷിച്ച് ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് നേരത്തെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. അതായത്, പുകവലി ഉപേക്ഷിക്കുന്നത് അണുബാധയുടെ അപകടസാധ്യത പൂർണമായി ഇല്ലാതാക്കുന്നില്ലെങ്കിലും ഈ ശീലവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു.

