കോഴി ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി
കോഴിക്കോട്: തടമ്പാട്ട്താഴത്ത് വിറ്റ കോഴി ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. തടമ്പാട്ട് താഴം ഗാന്ധി പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഫാത്തിമ ചിക്കന്‍ സ്റ്റാളിലാണ് സംഭവം. സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാര്‍ സ്ഥലത്തെത്തി കട അടപ്പിച്ചു. രാവിലെ വേങ്ങേരി സ്വദേശി അനീഷ് വാങ്ങിയ ഒരു കിലോ കോഴി ഇറച്ചിയാണ് പുഴുവരിച്ച നിലയില്‍ കണ്ടത്.മലയാളഭാഷ അറിയാത്ത രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. പുഴുവരിച്ച ഇറച്ചി ഇവരെ കാണിച്ചപ്പോള്‍ തങ്ങളല്ല ഇത് വിറ്റതെന്നാണ് കടയിലെ തൊഴിലാളികള്‍ പറഞ്ഞത്. ഇറച്ചിയില്‍ നിന്ന് ദുര്‍ഗന്ധവും വന്നിരുന്നു. കടക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ നിഖില്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കടയുടമ റിയാസ് ഒളിവിലാണ്.