ഗോവിന്ദച്ചാമിയെ ചട്ടം പഠിക്കുന്ന തിരക്കിൽ: മുടിയും മീശയും താടിയും വടിക്കുകയും ചെയ്തു
ജയിൽച്ചാട്ടത്തിന് പിന്നാലെ തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ചട്ടം പഠിക്കുന്ന തിരക്കിൽ. ജൂലൈ 25-ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിദഗ്ധമായി രക്ഷപ്പെട്ടതിനെത്തുടർന്ന് സുരക്ഷാകാരണങ്ങൾ മുൻനിർത്തി പിറ്റേന്ന് തന്നെ ഗോവിന്ദച്ചാമിയെ തൃശ്ശൂരിലേക്ക് മാറ്റിയിരുന്നു. ഇവിടെയെത്തിയ ഇയാളെ അധികൃതർ ജയിൽച്ചട്ടങ്ങൾ പഠിപ്പിക്കുകയാണെന്നാണ് അറിയുന്നത്. ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടുകയും മീശയും താടിയും വടിക്കുകയും ചെയ്തു. നേരത്തെ തനിക്ക് ഷേവിങ് അലർജിയായതിനാലാണ് താടി വടിക്കാത്തതെന്ന് ഗോവിന്ദച്ചാമി മൊഴി നൽകിയതായി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അലർജി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കണ്ണൂർ ജയിലിലെ അധികൃതർ തന്നോട് ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗോവിന്ദച്ചാമി ഇപ്പോഴത്തെ വാദം.ജയിലിലെ ഇടത്തുള്ള ഒന്നാമത്തെ സെല്ലിൽ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഈ സെല്ലിന് നേരേ എതിർവശത്തുള്ള ഔട്ട് പോസ്റ്റിൽ 24 മണിക്കൂറും രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ട്. ഇതിനു പുറമേ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജയിൽ ഡിജിപി ഗോവിന്ദച്ചാമിയുടെ സെൽ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കി.