ക്ഷേത്രത്തിന്റെ ഗേറ്റ് തകർന്ന് വീണ് അപകടം
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർമ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ ഗേറ്റ് തകർന്ന് വീണ് അപകടം. കൊറാഡിയിലെ മഹാലക്ഷ്മി ജഗദംബ ദേവസ്ഥാനിന്റെ നിർമ്മാണത്തിലിരിക്കുന്ന ഗേറ്റിന്റെ ഒരുഭാഗമാണ് തകർന്ന് വീണത്. അപകടത്തിൽ 17 നിർമ്മാണ തൊഴിലാളികൾക്ക് പേരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അപകടം നടന്നയുടനെ പോലീസും അഗ്നിശമന സേനയും സമീപത്തുള്ള ആളുകളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ എല്ലാ തൊഴിലാളികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ജില്ലാ കളക്ടർ വിപിൻ ഇടങ്കറും ഡെപ്യൂട്ടി കമ്മീഷണർ നികേതൻ കദമും നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഗേറ്റ് വീഴാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിദഗ്ധ സംഘം ഉടൻ സ്ഥലം പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഈ സംഭവം ചോദ്യങ്ങൾ ഉയർത്തുന്നു.