സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരൻ
ബാരാബങ്കി: സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരൻ. ദുരഭിമാന കൊലയെന്ന് പോലീസ്. യു.പിയിലെ ബരാബങ്കിയിലാണ് സംഭവം നടന്നത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. അയൽവാസിയായ യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണമെന്ന് റിയാസ് ആഷിഫയോട് പറഞ്ഞിരുന്നു. എന്നാൽ, യുവതി ഇതിന് തയ്യാറായില്ല. സംഭവം നടക്കുന്ന വെള്ളിയാഴ്ച രാവിലെ റിയാസ് സഹോദരി ആഷിഫയുമായി ഇതുമായി ബന്ധപ്പെട്ട് വഴക്കിട്ടിരുന്നു. ഇതിന് ശേഷം വീട്ടിൽ നിന്ന് എങ്ങോട്ടോ പോയിരുന്നു. തിരികെ വന്ന ശേഷം സഹോദരിയോട് വസ്ത്രങ്ങൾ കഴുകാൻ പറഞ്ഞു. തുടർന്ന് ആഷിഫ അലക്കാനുള്ള വെള്ളമെടുക്കുന്നതിനിടെ റിയാസ് കത്തി കൊണ്ട് യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു.കഴുത്ത് പൂർണമായും ശരീരത്തിൽ നിന്നും വേർപെടുന്നത് വരെ ആക്രമണം തുടർന്നു. ഇതിനുശേഷം റിയാസ് സഹോദരിയുടെ അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ഇതിനിടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. കൊലപാതക വിവരം ലഭിച്ച പൊലീസിന് റിയാസിനെ വഴിയിൽ വഴിയിൽ വെച്ച് പിടികൂടുകയായിരുന്നു.