വനിതാ കണ്ടക്ടറായ അഖിലയെ സ്ഥലം മാറ്റിയ നടപടി കെഎസ്ആർടിസി റദ്ദാക്കി

Spread the love

കോട്ടയം: ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ചതിന് വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി കെഎസ്ആര്‍ടിസി റദ്ദാക്കി. ശമ്പളം കിട്ടാതെ വന്നതോടെ ദുരിതത്തിലായി എന്ന് കാണിച്ച് വൈക്കം ഡിപ്പോയിലെ അഖില എസ് നായരാണ് ഡ്യൂട്ടിക്കിടെ പ്രതിഷേധിച്ചത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് കെഎസ്ആര്‍ടിസി അഖിലയെ വൈക്കം ഡിപ്പോയില്‍ നിന്നും പാലായിലേക്കാണ് സ്ഥലംമാറ്റിയത്. കെഎസ്ആര്‍ടിസിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദയനീയാവസ്ഥ വലിയ ചര്‍ച്ചയാകുകയും ചെയ്തു.അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ഥം സ്ഥലം മാറ്റുന്നു എന്നുമാണ് കെഎസ്ആര്‍ടിസിയുടെ ഉത്തരവില്‍ പറയുന്നത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെയും മാനേജ്മെന്റിനെയും അപകീര്‍ത്തിപ്പെടുത്തിയെന്നതായിരുന്നു കെഎസ്ആര്‍ടിസിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *