നടി ലൈം​ഗിക പീഡനത്തിനിരയായത് സെക്രട്ടറിയേറ്റിലെ ഷൂട്ടിം​ഗിനിടെ: സുരക്ഷ ഇനിയും വർധിപ്പിച്ചേക്കും

Spread the love

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈം​ഗികാതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും ഇടംപിടിച്ചതോടെ സെക്രട്ടറിയേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും. നിലവിൽ മാധ്യമപ്രവർത്തകർക്കുൾപ്പെടെ കടുത്ത നിയന്ത്രണമാണ് സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ളത്.അതിസുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിനുള്ളിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമത്തിന് ഇരയായെന്ന നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാകും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. സിനിമാ ചിത്രീകരണത്തിന് സെക്രട്ടേറിയറ്റിൽ അനുമതിനൽകാറുണ്ട്. സാധാരണനിലയിൽ സെക്രട്ടേറിയറ്റ് വളപ്പിലെ ഏതെങ്കിലും ഭാഗത്തും ഇടനാഴികളിലുമൊക്കെയാണ് ചിത്രീകരണം നടക്കാറുള്ളത്.ഓഫീസ് സംവിധാനങ്ങൾക്ക് മറ്റെവിടെയെങ്കിലും സെറ്റിടുകയാണ് പതിവ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇനിമുതൽ സിനിമ, സീരിയൽ സംബന്ധമായ ആവശ്യങ്ങൾക്ക് സെക്രട്ടേറിയറ്റും പരിസരവുമൊക്കെ വിട്ടുനൽകുന്നതിൽ കടുപ്പമേറിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയേക്കും എന്നാണ് സൂചന.അതേസമയം, സെക്രട്ടേറിയറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ ആരോപണത്തിൽ പ്രത്യേക അന്വേഷണമുണ്ടാകും. വർഷങ്ങൾക്കുമുൻപ്‌ ചിത്രീകരണത്തിനിടെ ഇടനാഴിയിൽവെച്ച് യുവനടൻ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് കഴിഞ്ഞദിവസം ഒരു നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയത്. നടിയുടെ പരാതി കിട്ടിയില്ലെങ്കിലും പോലീസിന് അന്വേഷിക്കാതിരിക്കാനാവില്ല. കന്റോൺമെന്റ് പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുപോലും കടുത്തനിയന്ത്രണമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് തുടങ്ങിയത്. സംഭവം നടക്കുമ്പോൾ നിയന്ത്രണം അത്ര ശക്തമാക്കിയിരുന്നില്ലെങ്കിലും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നത് ഗൗരവമുള്ളതാണ്. നടി പരാതിയുമായി ആരോപണത്തിൽ ഉറച്ചുനിന്നില്ലെങ്കിലും കനത്തസുരക്ഷാ സംവിധാനമുള്ള ഇവിടെയുണ്ടായെന്നു പറയുന്ന ലൈംഗികാതിക്രമമെന്ന ആരോപണം തള്ളിക്കളയുന്നത് സർക്കാരിന് ദോഷംചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *