പേരാമ്പ്രയിൽ ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം: 8 പേർ അറസ്റ്റിൽ
പേരാമ്പ്ര: ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ സംഘം പേരാമ്പ്രയിൽ പോലീസ് പിടിയിലായി. നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരും ഉൾപ്പെടെ എട്ട് പേരെയാണ് പേരാമ്പ്ര ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള ‘ആയുഷ് സ്പാ’ എന്ന മസാജ് കേന്ദ്രത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഒരു വർഷത്തിലേറെയായി ഇവിടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലേക്ക് മറ്റ് ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. ചെമ്പനോട സ്വദേശി ആന്റോയാണ് സ്ഥാപനത്തിന്റെ മാനേജർ. ദിവസേന നിരവധി പേർ ഇവിടെയെത്തിയിരുന്നതായും പോലീസ് പറഞ്ഞു.മസാജിന്റെ സ്വഭാവം അനുസരിച്ച് ആയിരം രൂപ മുതൽ വ്യത്യസ്ത നിരക്കുകളാണ് ഇവിടെ ഈടാക്കിയിരുന്നത്. ഈ സ്ഥാപനത്തിനെതിരെ നേരത്തെയും പരാതികൾ ലഭിച്ചിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിന്റെ സ്ക്വാഡും പേരാമ്പ്ര ഡിവൈ.എസ്.പി എൻ. സുനിൽകുമാറിന്റെ സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.