വിലങ്ങാട് പാനോത്ത് കടുവ ഭീതിയില്‍ നാട്ടുകാര്‍; വനംവകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങി
കോഴിക്കോട് വിലങ്ങാട് പാനോത്ത് കടുവ ഭീതിയില്‍ നാട്ടുകാര്‍. കടുവയെ കണ്ടെന്ന് കൂടുതല്‍ പേര്‍ പറഞ്ഞതോടെ വനംവകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങി. പേര്യ റിസര്‍വ് വനമേഖലയോട് ചേര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ കടുവയെ കണ്ടത്.
കാട്ടാടിന് പുറകെ കടുവ ഓടുന്നത് സമീപവാസിയാണ് കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് രണ്ട് പേരും കടുവയെ കണ്ടതായി പറയുന്നു. ഒരാഴ്ച്ച മുമ്പ് വനത്തോട് ചേര്‍ന്ന് കാട്ടിക്ക് പിന്നാലെ കടുവ ഓടുന്നതും പ്രദേശവാസികള്‍ കണ്ടിരുന്നു. ഇണ ചേരുന്ന സമയമായതിനാല്‍ കടുവ സാനിധ്യം തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ജനവാസ മേഖലകളില്‍ കടുവയെ ഒന്നിലധികം പേര്‍ കണ്ടതിനാല്‍ ഇവിടെ ഭീതി നിലനില്‍ക്കുന്നുണ്ട്.
വിവരം അറിഞ്ഞ് ചൊവ്വാഴ്ച രാത്രി ആര്‍. ആര്‍.ടി ടിം പരിശോധന നടത്തി മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് പരിശോധന ആരംഭിച്ചത്. വയനാട്, കണ്ണൂര്‍ ജില്ലകളിലെ വനമേഖലയോട് ചേര്‍ന്നായതിനാല്‍ കടുവ സാന്നിധ്യത്തിനുള്ള സാധ്യത വനം വകുപ്പ് തള്ളുന്നില്ല.