രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് സച്ചിന്‍ പൈലറ്റ് അഴിമതിവിരുദ്ധ പദയാത്രയ്ക്ക് തുടക്കമിട്ടു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അശോക് ഗഹ്ലോതിനെ ഉന്നമിട്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് സച്ചിന്‍ പൈലറ്റ് അഴിമതിവിരുദ്ധ പദയാത്രയ്ക്ക് തുടക്കമിട്ടു. മുന്‍ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അഞ്ചുദിവസത്തെ യാത്ര അജ്‌മേറില്‍നിന്ന് ആരംഭിച്ചത്. അനുയായികള്‍ക്കൊപ്പം പൊതുയോഗം നടത്തി യാത്ര ആരംഭിച്ച സച്ചിന്‍ അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടം എന്നാണ് പ്രഖ്യാപിച്ചത്.പദയാത്രയുമായി അകലം പാലിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ നീക്കം. സച്ചിന്റേത് വ്യക്തിപരമായ യാത്രയാണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ടോട്ടാസരാ പ്രതികരിച്ചു. യാത്രയെക്കുറിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡും മൗനം തുടരുകയാണ്.ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമതസ്വഭാവത്തിലുള്ള സച്ചിന്റെ നീക്കങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശയക്കുഴപ്പം സംസ്ഥാനഘടകത്തിനുണ്ട്. സച്ചിന്‍-ഗഹ്ലോത് തര്‍ക്കങ്ങള്‍ മുമ്പുണ്ടായപ്പോഴെല്ലാം ഹൈക്കമാന്‍ഡാണ് പരിഹരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ സച്ചിന്റെ പോക്കില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ് ഹൈക്കമാന്‍ഡ്. അഞ്ചുദിവസം നീളുന്ന യാത്രയ്ക്ക് ലഭിക്കുന്ന പിന്തുണ വിലയിരുത്തിയശേഷം നടപടിയെടുക്കാമെന്നാണ് നേതൃത്വത്തിന്റെ ആലോചനയെന്നറിയുന്നു. അതിനിടെ ‘ജനങ്ങളുടെ മുഖ്യമന്ത്രി’ എന്ന ശീര്‍ഷകത്തില്‍ ഗഹ്‌ലോതിനെക്കുറിച്ചുള്ള ഒരു വീഡിയോ കോണ്‍ഗ്രസ് വ്യാഴാഴ്ച സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഉദയ്പുര്‍ സന്ദര്‍ശനത്തിനിടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതും അവരുടെ ആവശ്യം കൈയോടെ അംഗീകരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.മുന്‍ മുഖ്യമന്ത്രികൂടിയായ ബി.ജെ.പി. നേതാവ് വസുന്ധര രാജെയെ അശോക് ഗഹ്ലോത് സംരക്ഷിക്കുകയാണെന്ന ഗുരുതര ആരോപണം സച്ചിന്‍ കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. 2020-ല്‍ നേതൃമാറ്റത്തിനായി സച്ചിന്റെ നേതൃത്വത്തില്‍ എം.എല്‍.എ.മാര്‍ രംഗത്തിറങ്ങിയപ്പോള്‍ വസുന്ധര രാജെയാണ് സഹായിച്ചതെന്ന് ഗഹ്ലോത് പ്രസംഗിച്ചതും വിവാദമായിരുന്നു. ആരോപണം വസുന്ധര രാജെ നിഷേധിക്കുകയും ചെയ്തു.