കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു

Spread the love

തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് പാമ്പുകടിയേറ്റത്. അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ ജീവി കടിച്ചതായി സംശയം തോന്നിയത്. ഉടന്‍ കുട്ടി അച്ഛനോട് എന്തോ ജീവി കടിച്ചതായി പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓട്ടോയില്‍ ഇവര്‍ സമീപ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.തുടര്‍ന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏലിയാകാം കടിച്ചത് എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനില്‍ മുകുന്ദറ ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയിലെ കവറില്‍ നിന്നും പാമ്പിനെ കണ്ടെടുത്തു. വീട്ടിനുള്ളില്‍ തടി ഉരുപ്പടികള്‍ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ഇതിനിടയില്‍ ഇനിയും പാമ്പുണ്ടോ എന്ന് പരിശോധന വകുപ്പ് നാട്ടുകാരും ചേര്‍ന്ന് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *