മണിപ്പുരിലെ കലാപത്തില്‍ 40ല്‍ അധികം പള്ളികള്‍ തകര്‍ത്തതായി ഇംഫാല്‍ അതിരൂപത അറിയിച്ചു

Spread the love

കൊല്‍ക്കത്ത: മണിപ്പുരിലെ കലാപത്തില്‍ 40ല്‍ അധികം പള്ളികള്‍ തകര്‍ത്തതായി ഇംഫാല്‍ അതിരൂപത അറിയിച്ചു. ഇതില്‍ ഭൂരിപക്ഷവും തീവച്ചു നശിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ ആക്രമണമുണ്ടായിട്ടും പള്ളികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സുരക്ഷ ലഭിച്ചിട്ടില്ലെന്നും അതിരൂപത ആരോപിച്ചു. ചിലയിടങ്ങളില്‍ പള്ളികള്‍ തകര്‍ക്കാന്‍ അക്രമികള്‍ ജെസിബിയുമായി എത്തിയതായി അതിരൂപത പറഞ്ഞു.ഇന്റര്‍നെറ്റ് വിഛേദിച്ചതിനാല്‍ മണിപ്പുരില്‍ നിന്നുള്ള യഥാര്‍ഥചിത്രം ഇനിയും വ്യക്തമല്ല. ആസൂത്രിതമായ ആക്രമണമാണ് പലേടത്തും നടന്നതെന്നും സുരക്ഷയ്ക്കായി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നും സഭ ആരോപിച്ചു. മരണസംഖ്യ സര്‍ക്കാര്‍ കണക്കുകളെക്കാള്‍ കൂടുതലാണ്.മെയ്‌തെയ് വിഭാഗവും കുകി വിഭാഗവും തമ്മിലുള്ള സംഘര്‍ഷമാണെങ്കിലും മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ പള്ളികളും അഗ്‌നിക്കിയാക്കിയിട്ടുണ്ടെന്ന് അതിരൂപത പറഞ്ഞു. അതീവസുരക്ഷാ മേഖലയായ ഇംഫാല്‍ നഗരത്തില്‍ വിമാനത്താവളത്തിനടുത്തുള്ള സെന്റ് പോള്‍സ് പള്ളിക്കും പാസ്റ്ററല്‍ ട്രെയ്‌നിങ് സെന്ററിനും നേരെ പലവട്ടം ആക്രമണം നടന്നു. ഇരുകേന്ദ്രങ്ങളിലും കയറിയിറങ്ങി തിരച്ചില്‍ നടത്തിയ അക്രമിസംഘം പിറ്റേന്ന് ഹോസ്റ്റലിലെ പാചകവാതക സിലിണ്ടര്‍ കൊണ്ടുവന്ന് തീയിട്ടു. പള്ളിക്കു കാവലുണ്ടായിരുന്ന പൊലീസ് സംഘം അക്രമത്തിനു മുന്‍പ് സ്ഥലം വിട്ടു. നിരന്തരം ബന്ധപ്പെട്ടിട്ടും പൊലീസോ അഗ്‌നിശമന വിഭാഗമോ എത്തിയില്ല. ഇവിടെ 8 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.കാഞ്ചിപുര്‍ ഹോളി റെഡീമര്‍ പാരിഷ്, കാക്ചിങ് ഖുനൗ ഹോളി ക്രോസ് പള്ളി, ഗെയിംസ് വില്ലേജ് മേരി ഇമ്മാകുലേറ്റ് പള്ളി, തൗബാല്‍ സെന്റ് മേരീസ് പള്ളി, ഗെയ് രിപോക് സേക്രട്ട് ഹാര്‍ട്ട് പള്ളി തുടങ്ങിയവ തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഒട്ടേറെ സ്‌കൂളുകളും അഗ്‌നിക്കിരയായി. പള്ളികളും സ്‌കൂളുകളും വീടുകളും കൊള്ളയടിച്ച ശേഷമാണ് തീയിട്ടത്. ആക്രമണത്തിനു പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുള്ളതായി സംശയിക്കണമെന്നും അതിരൂപത പറഞ്ഞു.അക്രമത്തിന് പിന്നില്‍ പുറത്തു നിന്നുള്ള ശക്തികള്‍ക്കും പങ്കുണ്ടെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട കൊഹിമ മുന്‍ ബിഷപ്പും ഇംഫാല്‍ പാസ്റ്ററല്‍ സെന്ററില്‍ അധ്യാപകനുമായ ബിഷപ് ജോസ് മുകാല പറഞ്ഞു. അക്രമത്തിനു ശേഷം ക്യാംപിലേക്കു മാറിയ അദ്ദേഹം പിന്നീട് ദിമാപുരിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *