ജയിലുകളുടെ നടത്തിപ്പ് കാലാനുസൃതമായി നവീകരിക്കാന്‍ മാതൃകാ ജയില്‍നിയമം വരുന്നു
ന്യൂഡല്‍ഹി: ജയിലുകളുടെ നടത്തിപ്പ് കാലാനുസൃതമായി നവീകരിക്കാന്‍ മാതൃകാ ജയില്‍നിയമം വരുന്നു. തടവുകാരുടെ പരിവര്‍ത്തനവും പുനരധിവാസവും ഉറപ്പുവരുത്തുകകൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.സ്ഥിരം കുറ്റവാളികളില്‍നിന്നും കൊടും ക്രിമിനലുകളില്‍നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള വ്യവസ്ഥകള്‍ക്കൊപ്പം തടവുകാര്‍ക്ക് നിയമസഹായത്തിനുള്ള കൂടുതല്‍ വ്യവസ്ഥകളും നല്ല പെരുമാറ്റത്തിന് പ്രോത്സാഹനവും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ പോലുള്ള നിരോധിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ശിക്ഷയും വ്യവസ്ഥചെയ്യുന്നുണ്ട്. മാതൃകാനിയമം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശമായി സ്വീകരിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.രാജ്യത്ത് ജയില്‍ നടത്തിപ്പിനും തടവുകാരെ കൈകാര്യംചെയ്യുന്നതിനും 130 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇപ്പോഴുള്ളത്. കുറ്റവാളികളെ കസ്റ്റഡിയില്‍ സൂക്ഷിക്കാനും അച്ചടക്കം ഏര്‍പ്പെടുത്താനും ജയില്‍ ക്രമങ്ങള്‍ പാലിക്കാനും മാത്രമാണ് അത് അനുശാസിക്കുന്നത്. കുറ്റവാളികലെ പരിവര്‍ത്തനം ചെയ്യുന്നതിനോ പുനരധിവസിപ്പിക്കുന്നതിനോ ഈ നിയമത്തില്‍ വ്യവസ്ഥയില്ല. തടവുകാരെ പുനരധിവസിപ്പിച്ച് സമൂഹത്തില്‍ നിയമം അനുസരിക്കുന്ന സാധാരണ പൗരന്‍മാരാക്കി മാറ്റാനാണ് പുതിയ സമീപനമെന്ന് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.ഭരണഘടനാ വ്യവസ്ഥപ്രകാരം ജയിലും തടവുകാരും സംസ്ഥാന വിഷയമാണ്. ഇതിനായി സംസ്ഥാനങ്ങളാണ് നിയമ നിര്‍മാണങ്ങള്‍ നടത്തുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് മാതൃകാ പ്രിസണ്‍സ് ആക്ടിന് രൂപം കൊടുക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ ജയില്‍ അധികൃതരുമായി ചര്‍ച്ചചെയ്ത ശേഷം ബ്യൂറോ ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റാണ് മാതൃകാനിയമത്തിന് രൂപംകൊടുത്തത്.മാതൃകാനിയമത്തിലെ മറ്റ് പ്രധാന വ്യവസ്ഥകള്‍* പരാതിപരിഹാരത്തിന് സംവിധാനം* സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ക്ക് പ്രത്യേകം ജയിലുകള്‍* നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ സാങ്കേതിക വിദ്യ* കോടതികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്താനുള്ള സംവിധാനം* ഉയര്‍ന്ന സുരക്ഷാ ജയിലുകള്‍, തുറന്ന ജയിലുകള്‍, സെമി ഓപ്പണ്‍ ജയിലുകള്‍ തുടങ്ങിയവ സ്ഥാപിക്കുക* തടവുകാരുടെ നല്ല പെരുമാറ്റത്തിന് പ്രോത്സാഹനവും ആനുകൂല്യങ്ങളും നല്‍കുക* തൊഴിലധിഷ്ഠിത പരിശീലനം, നൈപുണി വികസനം തുടങ്ങിയവ നല്‍കുക.