തലവന്‍ മോദി തന്നെ; സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും
ന്യൂഡല്‍ഹി: വികസനത്തിന് രാജ്യത്തും സംസ്ഥാനത്തും ബി.ജെ.പി. ഭരണം എന്ന മുദ്രാവാക്യത്തിലൂന്നി 10 വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിട്ട മോദി മൂന്നാംതവണ രാജ്യം ഭരിക്കുക ശരിക്കും ഇരട്ട എന്‍ജിന്റെ ശക്തിയില്‍. എന്‍.ഡി.എ.യില്‍ 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യു. എന്നിവയാകും മുന്നണിയിലെ ഇരട്ട എന്‍ജിന്‍. ഈ ഇരട്ട എന്‍ജിനുകളെ സുഗമമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം.ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ വിലയിരുത്തലുകള്‍ക്കിടയില്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.എ.യും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യസഖ്യവും കൂടിയാലോചനകളും ചര്‍ച്ചകളും ആരംഭിച്ചു. സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പിച്ച് മൂന്നാംസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ച്ചേര്‍ന്ന എന്‍.ഡി.എ. തീരുമാനിച്ചു. സഖ്യത്തിന്റെ നേതാവായി യോഗം നരേന്ദ്രമോദിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.വെള്ളിയാഴ്ച എന്‍.ഡി.എ. ലോക്സഭാംഗങ്ങളുടെ യോഗം ഡല്‍ഹിയില്‍ച്ചേര്‍ന്ന് മോദിയെ പാര്‍ലമെന്ററി നേതാവായി തിരഞ്ഞെടുക്കും. തുടര്‍ന്ന് മോദിയും സഖ്യകക്ഷിനേതാക്കളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞ ശനിയാഴ്ച രാത്രി എട്ടിന് നടക്കുമെന്നാണ് സൂചന. രാഷ്ട്രപതിഭവനില്‍ ഒരുക്കങ്ങളാരംഭിച്ചു. 272 എന്ന കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിയും നേടാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നനിലയില്‍ മന്ത്രിസഭാ രൂപവത്കരണത്തിന് 240 സീറ്റുള്ള ബി.ജെ.പി.യെയായിരിക്കും രാഷ്ട്രപതി ആദ്യം ക്ഷണിക്കുക. പാര്‍ട്ടികളുടെ പിന്തുണ രേഖാമൂലം ഉറപ്പുനല്‍കുന്ന കത്തുകള്‍ രാഷ്ട്രപതിക്ക് കൈമാറിക്കൊണ്ടായിരിക്കും കക്ഷിനേതാവ് മന്ത്രിസഭാ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിക്കുക. 293 സീറ്റാണ് എന്‍.ഡി.എ. നേടിയത്. ചില സ്വതന്ത്രരുടെ പിന്തുണയും തേടുന്നുണ്ട്.ബുധനാഴ്ച 11.30-ന് രണ്ടാം മോദിമന്ത്രിസഭയുടെ അവസാനയോഗം മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കാനും പതിനേഴാം ലോക്സഭ പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പ്രധാനമന്ത്രി 1.50-ന് രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കണ്ട് കത്ത് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി ലോക്സഭ പിരിച്ചുവിടാന്‍ ഉത്തരവുനല്‍കി. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുംവരെ തുടരാന്‍ മോദിയോട് അഭ്യര്‍ഥിച്ചു.