വൈഗ കൊലക്കേസ്; എല്ലാ കുറ്റങ്ങളും തെളിഞ്ഞു; പ്രതി സനു മോഹൻ കുറ്റക്കാരൻ
കൊച്ചിയിലെ വൈഗ കൊലക്കേസിൽ പ്രതി സനു മോഹൻ കുറ്റക്കാരൻ. ശിക്ഷാവിധിയിൽ വാദം ഉച്ചയ്ക്ക് ശേഷം നടക്കും. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമർപ്പിച്ചിരുന്നത്. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമേ ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്.2021 മാർച്ച് 21 നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ 11കാരിയായ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കായംകുളത്തെ വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനുശേഷം ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല. നാടുനീളെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്.കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്ന് സനുമോഹൻ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിൻറെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. മകളെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളുകയായിരുന്നു.