ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്: നാലാം റൗണ്ടിലും ജയം തുടരാൻ ഗുകേഷ്
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ നാലാം റൗണ്ട് മത്സരം ഇന്ന് നടക്കും. ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറെനും തമ്മിലാണ് മത്സരം. മൂന്ന് മത്സരം കഴിഞ്ഞപ്പോൾ ഇരുവരും 1.5 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം ആണ്. കഴിഞ്ഞ മത്സരം ഗുകേഷ് ജയിച്ചിരുന്നു. 11 റൗണ്ടുകൾകൂടി ബാക്കിയിരിക്കെ മുന്നിലെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇരുവരും.
ആദ്യ മത്സരത്തിൽ വെള്ളക്കരുക്കളുമായി ഇറങ്ങി തോൽവിയോടെ തുടങ്ങിയ ഗുകേഷ് രണ്ടാമത്തേതിൽ സമനില പിടിച്ചിരുന്നു. മൂന്നാമത്തേതിൽ ലിറെനെതിരെ വ്യക്തമായ മേധാവിത്വവുമായാണ് ഗുകേഷ് കരുക്കളത്തിൽ വിജയം സ്വന്തമാക്കിയത്.
ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഇന്ത്യക്കാരനായ ഗുകേഷ്. ജയത്തോടെ എതിരാളിക്കുമേൽ മാനസിക മുൻതൂക്കവും പിടിച്ചു. ഇന്ത്യൻ താരത്തിന് ഇന്നും ജയം ആവർത്തിക്കാനായാൽ ലിറെന് തിരിച്ചുവരവിന് ഏറെ പ്രയാസപ്പെടേണ്ടിവരും.