യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ഇന്ന് ദുഃഖവെള്ളി
കൊച്ചി : യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ദിനമാണ് ദുഃഖവെള്ളി. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മതപരമായ ചടങ്ങുകളിലൊന്നായി ദുഃഖവെള്ളിയാഴ്ച കണക്കാക്കപ്പെടുന്നു. ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹാ വ്യാഴവും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റര്‍ ഞായറാഴ്ചയോടെയാണ് വലിയ നോയമ്പിന് അവസാനം കുറിക്കുന്നത്. ദൈവപുത്രന്‍ മരണം വരിച്ച ദിനമാണ് ദുഃഖവെള്ളി. പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റെയും പീഢാസഹനങ്ങളോര്‍ത്ത് ദുഃഖിക്കുന്നതിന്റെയും ദിവസമായി ആചരിക്കുന്നു. മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസവും പ്രതീക്ഷയും അതു നല്‍കുന്നു. യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിക്കുകയയും ചെയ്ത പെസഹാ വ്യാഴത്തിനു തൊട്ടടുത്ത ദിനമാണ് ദുഃഖവെള്ളി. ഈ ദിവസം ക്രൈസ്തവ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരിമലയിലെ കുരിശു മരണത്തെയും അനുസ്മരിക്കുന്നു.
അതേസമയം എറണാകുളം സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ദേവാലയം അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വടുതല തിരുഹൃദയ ദേവാലയത്തിലായിരിക്കും ദുഃഖവെള്ളി തിരുകർമങ്ങൾ. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ തിരുകർമങ്ങൾ ആരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ സന്ദേശം, കുർബാന സ്വീകരണം, കുരിശു ചുംബനം എന്നിവയുണ്ടാകും.വൈകീട്ട് ഏഴിന് സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ മുന്നിൽനിന്ന് പട്ടണംചുറ്റിയുള്ള കുരിശിന്റെവഴിയുണ്ടാകും. തിരുകർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് ബസിലിക്ക വികാരി മോൺ. ആന്റണി നരികുളം ആയിരിക്കും.