ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ

Spread the love

കൊച്ചി: ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ. എന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ള ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരം നടത്തപ്പെടുന്നു.മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘ഫിലിപ്സ് ആന്റ് മങ്കിപ്പെൻ’, ‘ഹോം’ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ അഞ്ച് ബുധനാഴ്ച കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്‌ളോറിൽ വച്ച് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.ഗോകുലം ഗോപാലൻ ആദ്യ ഭദ്രദീപം തെളിയിച്ചു. ജയസൂര്യ, റോജിൻതോമസ്, കൃഷ്ണമൂർത്തി, രാഹുൽ സുബ്രഹ്മണ്യൻ, ആർ രാമാനന്ദ്, നീൽ ഡി കുഞ്ഞ, രാജീവൻ, ഉത്തരാ മേനോൻ, എന്നിവരും ഈ ചടങ്ങിൽ പങ്കാളികളായി. തുടർന്ന് ശ്രീ ഗോകുലം ഗോപാലൻ സ്വിച്ചോൺ കർമ്മവും ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകി.36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ് – തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ മലയാളിയായ രാജീവൻ ആണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇൻഡ്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോർ ആയിരിക്കും ചിത്രത്തിന് വേണ്ടി ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞും ഇവിടെ ഒരുപാട് ചിത്രങ്ങൾ ഒരേ സമയം ചിത്രീകരിക്കാനാവശ്യമായ ഫ്ലോറുകളും, ആർട്ടിസ്റ്റിനും, ടെക്‌നിഷ്യമാർക്കും താമസിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും കൂടിയ റൂമുകളും ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി പറഞ്ഞു.മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിത്.200 ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ റോജിൻ തോമസ് പറഞ്ഞു. മൂന്നു വർഷമായി ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.ആർ. രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.ജയസൂര്യയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടമറ്റത്തു കത്തനാരായി വേഷമിടുന്നത്. കത്തനാരായി മാറാൻ കഴിഞ്ഞ രണ്ടു വർഷക്കാലമായി ജയസൂര്യ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുങ്ങുകയായിരുന്നു. ജയസൂര്യക്കു പുറമേ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വിഎഫ്എക്സ് ആന്റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. വിർച്വൽ പ്രൊഡക്ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്.ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം.കൊറിയൻ വംശജനും കാനഡയിൽ താമസ്സക്കാരനുമായ ജെജ പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്. കഴിഞ്ഞ 2 മാസമായി ഇവർ ഇവിടെ പരിശീലനം നടത്തിവരുന്നു.രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം – നീൽ ഡി കുഞ്ഞ, എഡിറ്റിംഗ് – റോജിൻ തോമസ്, മേക്കപ്പ് – റോണക്സ്‌ സേവ്യർ .വസ്ത്രാലങ്കാരം – ഉത്തരാ മേനോൻ, വിഎഫ്എക്സ് സൂപ്പർവൈസർ – വിഷ്ണു രാജ്,വിഎഫ്എക്സ് പ്രൊഡ്യൂസർ – സെന്തിൽ നാഥൻ, ഡിഐ കളറിസ്റ്റ് – എസ്ആർകെ. വാര്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാലം, ഗോപേഷ്,കോ പ്രൊഡ്യൂസേർസ് – വിസി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – സജി സി ജോസഫ്, രാധാകൃഷ്ണൻ ചേലാരി, ശ്രീ ഗോകുലം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *