വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല
കൊച്ചി: വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. ജഡ്ജിമാർ ചേമ്പർ ഒഴിയാത്തതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. പുതിയ സർക്കുലർ പ്രകാരം ജഡ്ജിമാർ വിരമിക്കുന്ന ദിവസം തന്നെ ചേമ്പർ ഒഴിഞ്ഞു നൽകണം.ഇതനസുരിച്ച് വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാർ ചേമ്പർ ഉപയോഗിക്കരുത്. ജഡ്ജി വിരമിച്ച് മൂന്നാമത്തെ പ്രവർത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുൻപ് എല്ലാ കേസ് രേഖകളും ജീവനക്കാർ രജിസ്ട്രിക്ക് കൈമാറണം. എന്നാൽ സ്ഥലം മാറ്റപ്പെട്ട ജഡ്ജിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നിശ്ചിത കാലത്തേക്ക് ചേമ്പർ ഉപയോഗിക്കാം.വിധി പറയാൻ മാറ്റി വച്ച കേസുകളുടെ ഒപ്പിട്ട ഉത്തരവുകൾ അവസാന പ്രവർത്തി ദിവസം തന്നെ രജിസ്ട്രിയ്ക്ക് കൈമാറണം. വിരമിക്കുന്ന ജഡ്ജിമാർക്കും, സ്ഥലം മാറിപ്പോകുന്നവർക്കും ഇത് ബാധകമാണ്. വിധിന്യായം തയ്യാറാക്കിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട കേസ് രേഖകൾ രജിസ്ട്രിക്ക് നൽകണം. വിരമിച്ച് മൂന്നാം പ്രവർത്തി ദിനത്തിനു ശേഷം ബന്ധപ്പെട്ട ജഡ്ജിയുടെ പേരിലുളള ഉത്തരവുകൾ ജീവനക്കാർ വെബ്സൈറ്റിൽ ഇടരുത്. ചീഫ് ജസ്റ്റിസിന്റെ നിർദേശാനുസരണം ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് മാർഗ്ഗ നിർദേശങ്ങൾ ഇറക്കിയത്.