ശബരിമല വിമാനത്താവള പദ്ധതി ചിറകുവിരിച്ച് പറക്കാന്‍ ഒരുങ്ങവേ പദ്ധതിക്ക് മുന്നിലുള്ളത് ഒട്ടനവധി വൈതരണികള്‍
ശബരിമല വിമാനത്താവള പദ്ധതി ചിറകുവിരിച്ച് പറക്കാന്‍ ഒരുങ്ങവേ പദ്ധതിക്ക് മുന്നിലുള്ളത് ഒട്ടനവധി വൈതരണികള്‍. അതിവേഗം പദ്ധതി യാഥാര്‍ഥ്യമാകാനുള്ള സാധ്യത വളരെ കുറവാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ഡ്രീം പദ്ധതിയാണ് ശബരിമല എയര്‍പോര്‍ട്ട് എങ്കിലും ഒരു പാട് കടമ്പകള്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇവയൊക്കെ തരണം ചെയ്യുക അത്ര എളുപ്പവുമല്ല. ത്രികോണകൃതിയില്‍ മൂന്നു എയര്‍പോര്‍ട്ടുകള്‍ക്കുള്ളിലായാണ് ശബരിമല വിമാനത്താവളപദ്ധതിയുള്ളത്. മധുര, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് നടുവില്‍ വരുന്നതാണ് ശബരിമല വിമാനത്താവള പദ്ധതി. ശബരിമല വരുമ്പോള്‍ അത് ഈ മൂന്നു വിമാനത്താവളങ്ങളിലെ എയര്‍ഓപ്പറേഷനുകളെ എങ്ങനെ ബാധിക്കും എന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു അറിയേണ്ടതുണ്ട്. ഇതിന്റെ പഠനം റിപ്പോര്‍ട്ട് വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കേരള സർക്കാറിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെ അറിയിച്ചിട്ടുണ്ട്.കേരളത്തിലെ എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ടു കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കെ.വി.തോമസിനെ ഈ കാര്യം ജ്യോതിരാദിത്യ സിന്ധ്യഅറിയിച്ചത്. പഠനം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രൊഫഷനല്‍ ഏജന്‍സിയെ ഏര്‍പ്പാട് ചെയ്യുമെന്ന് കെ.വി.തോമസ് ഇന്ത്യാടുഡേയോട് പറഞ്ഞു. ഈ ഏജന്‍സി പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറണം. പരിസ്ഥിതി ആഘാത പഠനം റിപ്പോര്‍ട്ട് അടക്കം ഒട്ടുവളരെ റിപ്പോര്‍ട്ടുകള്‍ പഠന റിപ്പോര്‍ട്ടിന് ഒപ്പം കേന്ദ്രത്തിനു കൈമാറണം.ശബരിമല എന്ന് പേരുണ്ടെങ്കിലും വിമാനത്താവളം ലക്‌ഷ്യം വയ്ക്കുന്നത് മധ്യ തിരുവിതാംകൂറിനെയാണ്. ഒട്ടനവധി പ്രവാസികള്‍ ഉള്ള മേഖലയാണ് മധ്യതിരുവിതാംകൂര്‍. കൊച്ചിയിലും തിരുവനന്തപുരത്തിനെക്കാളും അവര്‍ക്ക് നല്ലത് ശബരിമല വിമാനത്താവളമാണ്. ശബരിമല ഭക്തര്‍ വിമാനത്താവളം യാത്രയ്ക്ക് ഉപയോഗിക്കാന്‍ സാധ്യത കുറവാണ്. അവര്‍ക്ക് അമ്പതോളം കിലോമീറ്ററുകള്‍ ഇനിയും സഞ്ചരിച്ചാല്‍ മാത്രമേ പമ്പയില്‍ എത്താന്‍ കഴിയൂ. മലകയറി വേണം സന്നിധാനത്ത് എത്താന്‍. പക്ഷെ വിഐപികള്‍ ഈ സാധ്യത ഉപയോഗിച്ചേക്കും.