അയോധ്യയിൽ വൻ ഭക്തജന തിരക്ക് : ആദ്യ ദിനം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ
ലക്നൗ: രാമനഗരിയായ അയോധ്യയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. രാമപ്രതിഷ്ഠ നടന്ന ജനുവരി 22-ന് അയോധ്യയിൽ കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപയാണ്. ഓൺലൈനിലൂടെ ലഭിച്ച കാണിക്കയുടെ കണക്കുകൾ മാത്രമാണ് ഇതെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. അതേസമയം, ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള 10 സംഭാവന പെട്ടികളിലായി ലഭിച്ചിട്ടുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും വഴി ലഭിച്ച തുക എണ്ണി ചിട്ടപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് പിറ്റേദിനം 5 ലക്ഷത്തിലധികം ഭക്തരാണ് ദർശനം നടത്തിയത്.ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജനുവരി 23 മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. നിലവിൽ, അയോധ്യയിലെ അന്തരീക്ഷ താപനില താഴ്ന്ന അവസ്ഥയിലാണ്. അതികഠിനമായ തണുപ്പനെ അവഗണിച്ചാണ് ഭക്തർ പുലർച്ചെ മുതൽ ക്ഷേത്രദർശനത്തിനായി ക്യൂ നിൽക്കുന്നത്. തിരക്കുകൾ വർദ്ധിക്കുന്നതിനാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്ന പ്രത്യേക ക്യൂ സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള ഭക്തജന തിരക്ക് അയോധ്യയിൽ അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ.