തദ്ദേശ തിരഞ്ഞെടുപ്പ്; വിഴിഞ്ഞത്ത് എൽഡിഎഫിൻ്റെ കോട്ട തകർത്ത് യുഡിഎഫിന് വിജയം
തിരുവനന്തപുരം: സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന മാറ്റിവച്ച വിഴിഞ്ഞെ വാർഡിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി കെ എച്ച് സുധീർഖാൻ 83 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് കൈപിടിയിലാക്കിയത്. വിഴിഞ്ഞം വാർഡ് കൂടി സ്വന്തമാക്കിയ സാഹചര്യത്തിൽ നഗരസഭയിൽ യുഡിഎഫിന് 20 സീറ്റായി.കഴിഞ്ഞ തവണ 10 സീറ്റുകളാണ് നഗരസഭയിൽ യുഡിഎഫിന് ഉണ്ടായിരുന്നത്. എൽഡിഎഫിന് 29 സീറ്റുകളാണുള്ളത്. കോർപ്പറേഷനിലെ 101 വാർഡുകളിൽ 50 സീറ്റുകളാണ് ബിജെപിക്കുള്ളത്. നിലവിൽ ഒരു സ്വതന്ത്രൻ്റെ കൂടി പിന്തുണയോടെ 51 സീറ്റുകളുമായാണ് ബിജെപി കോർപ്പറേഷൻ ഭരണം നടത്തുന്നത്.ഐഎൻടിയുസി നേതാവും ഹാർബർ വാർഡിലെ മുൻകൗൺസിലറുമായിരുന്നു വിഴിഞ്ഞത്ത് വിജയ കൊടിപാറിച്ച സുധീർഖാൻ. സിപിഎം ലോക്കൽ കമ്മിറ്റിയംഗം എൻ നൗഷാദാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. വിഴിഞ്ഞം ഗ്രാമപ്പഞ്ചായത്തംഗവും മുൻ ഏരിയാ പ്രസിഡന്റുമായിരുന്ന സർവശക്തിപുരം ബിനുവായിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥി.2015ലാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് വിഴിഞ്ഞം സീറ്റ് കൈക്കലാക്കുന്നത്. അതിനുശേഷം ഇപ്പോഴാണ് യുഡിഎഫ് വിഴിഞ്ഞത്ത് വിജയിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചതിനെത്തുടർന്നാണ് വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ജനുവരി 12-ലേക്ക് മാറ്റിയത്. തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ തലേദിവസമാണ് ഫ്രാൻസിസ് മരിക്കുന്നത്.

