മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിരിമുഖങ്ങളിലൊന്നായിരുന്നു സുബി സുരേഷ്
കൊച്ചി; മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിരിമുഖങ്ങളിലൊന്നായിരുന്നു സുബി സുരേഷ്. സ്ക്രീനിൽ ആ മുഖം കാണുന്നതു തന്നെ മലയാളികളുടെ മുഖത്ത് ചിരിനിറയ്ക്കും. എന്നാൽ ഇപ്പോൾ ആ ചിരിക്കുന്ന മുഖം കേരളക്കരയ്ക്കുതന്നെ വേദനയാകുകയാണ്. രണ്ടു പതിറ്റാണ്ടിലേറെ മലയാളികൾക്ക് ചിരി സമ്മാനിച്ചുകൊണ്ടാണ് പ്രിയകലാകാരിയുടെ അപ്രതീക്ഷിത വിടവാങ്ങൽ.ഡാൻസറായി കലാരംഗത്തേക്ക് കടന്നുവന്ന സുബി ഹാസ്യരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത് സ്വപ്രയത്നത്തിലൂടെയാണ്. സ്‌കൂള്‍കാലത്തു തന്നെ മികച്ച നർത്തകിയായിരുന്നു സുബി. എന്നാൽ ഒരു കലാകാരിയാകണം എന്നായിരുന്നില്ല സുബിയുടെ ആഗ്രഹം. പട്ടാളക്കാരിയാകണം എന്നായിരുന്നു. പഠിക്കാനായി സെന്റ് തെരേസാസ് തെരഞ്ഞെടുത്തത് തന്നെ എൻസിസി ഉള്ളതിനാലാണ്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ഡേ പരേഡിനായി ഡൽഹിയിൽ പോയിട്ടുണ്ട് സുബി. എൻസിസിയുടെ ഓൾ കേരള കമാൻഡർ ആയിരുന്നു. എന്നാൽ ബ്രേക്ക് ഡാൻസാണ് സുബിയുടെ ജീവിതം തന്നെ മാറ്റുന്നത്.പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുബിയുടെ ഡാൻസ് കണ്ട് ടിനി ടോം ആണ് സിനിമാല ടീമിനു പരിചയപ്പെടുത്തുന്നത്. ഒന്നു രണ്ടും പരിപാടി കഴിഞ്ഞ് നിർത്തുമെന്ന് പറഞ്ഞാണ് സുബി സിനിമാലയുടെ ഭാഗമാകുന്നത്. എന്നാൽ ഇതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പട്ടാള സ്വപ്നം ഉപേക്ഷിച്ച് ഹാസ്യതാരമാവുകയായിരുന്നു. ശക്തമായ വേഷങ്ങളും ഓൺസ്റ്റേജിലെ സ്വതസിദ്ധമായ ഡയലോഗുകളുമാണ് കോമഡി ലോകത്തെ സുബിയെ ശ്രദ്ധേയയാക്കിയത്. അവതാരകയായപ്പോഴും താരത്തിന്റെ രസികൻ സ്റ്റൈലിന് വ്യത്യാസമുണ്ടായില്ല.