പ്രമേഹം, അമിതവണ്ണം എന്നിവ തടയും; വെറും കഞ്ഞിയല്ല പഴങ്കഞ്ഞി, പോഷകമൂല്യങ്ങളുടെ കലവറയെന്ന് പഠനം

Spread the love

പഴങ്കഞ്ഞി പോഷകമൂല്യങ്ങളുടെ കലവറയാണെന്ന് ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പഠന റിപ്പോർട്ട്.
ലബോറട്ടറികളിലെ വിശകലനങ്ങൾ പ്രകാരം സാധാരണ ചോറിനെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ നാരുകളുടെ അളവിൽ 631 ശതമാനവും അന്നജത്തിന്റേതിൽ 270 ശതമാനവും പ്രോട്ടീനിന്റെ അളവ് 24 ശതമാനവും അധികമാണെന്നും ഇതിൽ വ്യക്തമാക്കുന്നു.
ഇരുമ്പ്, സിങ്ക്, സെലിനിയം, ബി-കോംപ്ലക്‌സ് വിറ്റാമിൻ എന്നിവയുടെ അളവും ഗണ്യമായി കൂടുതലാണ്. പ്രമേഹം, അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ചിലതരം അർബുദങ്ങൾ എന്നിവ തടയാൻ പഴങ്കഞ്ഞിക്കു കഴിവുണ്ട്. രക്തത്തിലെ ലിപിഡിന്റെ അളവ് കുറയ്ക്കുന്നതിനും ദോഷകരമായ കൊഴുപ്പുകളും വിഷവസ്തുക്കളും പുറന്തള്ളാനും കരളിനെ സഹായിക്കും.
ഗർഭിണികൾക്ക് ഭ്രൂണവളർച്ച മെച്ചപ്പെടുത്തും. മാസം തികയാതെയുള്ള പ്രസവം കുറയ്ക്കും. ഗർഭകാല പ്രമേഹവും ഈ സമയത്തുണ്ടാകുന്ന രക്താതിമർദവും കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
സ്റ്റാൻലി ആശുപത്രിയിലെ ജീവിതശൈലി രോഗ ഗവേഷണ വകുപ്പും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗവും ചേർന്നാണ് പഠനം നടത്തിയത്. ശാസ്ത്രീയമായി പോഷകമൂല്യം കണ്ടെത്തിക്കഴിഞ്ഞിട്ടുള്ള പഴങ്കഞ്ഞി ദാരിദ്ര്യത്തിന്റെ ലക്ഷണമായി കാണരുതെന്നും ഇതിന്റെ ഗുണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും പഠന റിപ്പോർട്ട് പുറത്തിറക്കി ആരോഗ്യ മന്ത്രി എം. സുബ്രഹ്‌മണ്യൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *