താനൂരിൽ കാണാതായ പെൺകുട്ടികളെ തിരികെ നാട്ടിൽ എത്തിച്ചു
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുമായി പൊലീസ് സംഘം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഗരിബ് രഥ് എക്സ്പ്രസിൽ 12 മണിക്ക് തിരൂർ റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയത്. കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തും. കൗൺസിലിങ്ങിന് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.
അതേസമയം, മലപ്പുറം താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചത് റഹിം അസ്ലമാണ്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്തിനാണ് കുട്ടികൾ വീടുവിട്ടിറങ്ങിയതെന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്നും യാത്രയിൽ കുട്ടികളെ സഹായിച്ച യുവാവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് വീട്ടിൽ നിന്ന് പരീക്ഷയ്ക്ക് പോയ കുട്ടികൾ മുംബൈയിലേക്ക് കടന്നത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.