സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍

Spread the love

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. യുവതിയുടെ ഭർത്താവും സുഹൃത്തും ഒളിവിലാണ്. തിരൂരങ്ങാടി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.നാല് ദിവസം മുമ്ബ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അൻസീനയുടെ ഭർത്താവ് ശുഹൈബ് (27), സഹോദരൻ ഷഹബാബ്, സുഹൃത്ത് മൻസൂർ എന്നിവർചേർന്ന് സമീപത്തെ ക്വാറിയിലെത്തിച്ച്‌ മർദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച്‌ അൻസീന യുവാവിനെ വിളിച്ച്‌ അക്രമിസംഘം ആവശ്യപ്പെടുന്നത് നല്‍കണമെന്നും ഇല്ലെങ്കില്‍ അവർ വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞു.യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈല്‍ഫോണും പ്രതികള്‍ തട്ടിയെടുക്കുകയുംചെയ്തു. പിന്നീട് രണ്ട് ലക്ഷം രൂപകൂടി യുവാവിനോട് ആവശ്യപ്പെട്ടു. സുഹൃത്തുക്കള്‍ മുഖേന 25,000 രൂപ സംഘടിപ്പിച്ച യുവാവ് ഗൂഗിള്‍പേ വഴി തട്ടിപ്പ് സംഘത്തിന് നല്‍കി. അരീക്കോട്ടെ മൊബൈല്‍കടയില്‍നിന്ന് യുവാവിന്റെ പേരില്‍ ഇഎംഐ വഴി രണ്ട് മൊബൈല്‍ ഫോണുകളെടുക്കാനും പ്രതികള്‍ ശ്രമിച്ചു.ഇതിനിടെ സംശയം തോന്നിയ യുവാവിന്റെ സുഹൃത്തുക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഇത് അരീക്കോട് പൊലീസിന് കൈമാറുകയായിരുന്നു. യുവാവിന്റെ പരാതിയിലും അരീക്കോട് പോലീസ് കേസെടുത്തു. എസ്‌എച്ച്‌ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ നവീൻ ഷാജാണ് രണ്ടുപേരെ അറസ്റ്റുചെയ്തത്. ഒളിവിലുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികള്‍ സമാനമായ തട്ടിപ്പ് മുമ്ബും നടത്തിയതായി സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *