പോത്തൻകോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസിൽ ഇന്ന് വിധി

Spread the love

തിരുവനന്തപുരം : പോത്തൻകോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസിൽ ഇന്ന് വിധി പ്രസ്താവിക്കും. 2021 ഡിസംബർ 11-ന് നട്ടുച്ചയ്ക്ക് മംഗലപുരം സ്വദേശിയായ സുധീഷിനെയാണ് പതിനൊന്ന് പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നെടുമങ്ങാട് പട്ടികജാതി-വർഗ പ്രത്യേക കോടതിയാണ് കേസിൽ വിധി പറയുക. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സുധീഷിന്റെ എതിർ സംഘത്തിലെ 11 പേരാണ് കൊല നടത്തിയത്. പകയടങ്ങാതെ കാലു വെട്ടിയെടുത്ത് പൊതുവഴിയിൽ വലിച്ചെറിഞ്ഞുവെന്നും കൊലപാതകം ആഘോഷിച്ചുവെന്നും പോലീസ് പറയുന്നു. സുധീഷിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി സുധീഷിന് രണ്ട് മാസം മുൻപ് അടി ഉണ്ടായിരുന്നു. ഈ അടിയുടെ പകരം വീട്ടാനാണ് സുധീഷ് ഉണ്ണി ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ആക്രമണം ഭയന്ന് നാടുവിട്ട സുധീഷ് പോത്തൻകോടിനടുത്ത് കല്ലൂരിലെ പാണൻവിള കോളനിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

സുധീഷിന്റെ ബന്ധുവായ ഒരാൾ എതിർ സംഘത്തിന് വിവരം നൽകിയതോടെയാണ് കൊലയാളി സംഘം സ്ഥലമറിഞ്ഞത്. ബൈക്കിലും ഓട്ടോയിലുമായെത്തിയ സംഘം സുധീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്.പിയായിരുന്ന എം.കെ.സുൽഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ക്രൂരകൊലപാതകത്തിൽ നെടുമങ്ങാട് പട്ടികജാതി-വർഗ കോടതി ഇന്ന് വിധി പറയും. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *