സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേർ മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.ഈ വർഷം ഇതുവരെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 19 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, അവരിൽ ഏഴ് പേരും മരണപ്പെട്ടു. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ പതിനഞ്ചിലധികം രോഗികൾ ചികിത്സയിലുണ്ട്.അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis)നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്.രോഗം പടരുന്ന വഴികൾസാധാരണയായി, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗമുണ്ടാക്കുന്നു.