പൂജാരിമാരാക്കാൻ പോരാട്ടം നയിക്കേണ്ടി വന്നേക്കാമെന്ന് വർക്കല എംഎൽഎ വി. ജോയ്
വർക്കല: പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ബ്രാഹ്മണ വിഭാഗത്തിനു പുറത്തുനിന്നുള്ളവരെ പൂജാരിമാരാക്കാൻ പോരാട്ടം നയിക്കേണ്ടി വന്നേക്കാമെന്ന് വർക്കല എംഎൽഎ വി. ജോയ്.ശബരിമലയും ഗുരുവായൂരും അടക്കം പ്രധാന ക്ഷേത്രങ്ങളിൽ ബ്രാഹ്മണരെ മാത്രമാണ് ഇപ്പോഴും പൂജാരിമാരായി നിയമിക്കുന്നതും, ഇതു തുല്യ സാമൂഹിക നീതിയല്ലെന്നും ശ്രീനാരായണ ഗുരുദേവന്‍റെ 169ാം ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പ്രതികരണമായാണ് എംഎൽഎയുടെ പരാമർശം.നിലവിൽ സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ് ജോയ്. പൂജാരിമാരുടെ നിയമനം സംബന്ധിച്ച് സ്വാമി പറഞ്ഞത് ശരിയാണെങ്കിലും, എല്ലാ എതിർപ്പുകളെയും മറികടന്ന് പട്ടികജാതിക്കാരായ 45 പേരെ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളിൽ നിയമിക്കാൻ സാധിച്ചിട്ടുണ്ടെന്നും ജോയ് ചൂണ്ടിക്കാട്ടി.