ഇന്ധന സെസിലും നികുതി വര്‍ധനവിലും പ്രതിഷേധിച്ച് സഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം

Spread the love

ഇന്ധന സെസിലും നികുതി വര്‍ധനവിലും പ്രതിഷേധിച്ച് സഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. നിയമസഭ കവാടത്തില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങി. ഷാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇന്ന് ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി കാര്യസമതിയാണ് എംഎല്‍എമാര്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്.നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയും സെസും പിന്‍വലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ധന സെസ് പിന്‍വലിക്കുക. അശാസ്ത്രീയമായി കൂട്ടിയ നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ അപ്പാടെ അശാസ്ത്രീയമാണെന്നും ജനങ്ങളുടെ മേല്‍ അധികഭാരം കെട്ടുവയ്ക്കുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അധിക ചാര്‍ജ് പിന്‍വലിക്കുംവരെ പ്രതിഷേധം തുടരുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും സഭാ നടപടികളുമായി സഹകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *