സംസ്ഥാനത്ത് വേനൽചൂട് ഉയർന്നതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

Spread the love

സംസ്ഥാനത്ത് വേനൽചൂട് ഉയർന്നതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പകൽ സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത്. ഇതോടെ, ഓരോ സെക്ഷൻ ഓഫീസുകളിലായി 15 മിനിറ്റ് വീതമാണ് പവർ കട്ട് ചെയ്യുക. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5000 മെഗാവാട്ട് പിന്നിട്ടതോടെയാണ് കെഎസ്ഇബിയുടെ നീക്കം.വൈദ്യുതി ബോർഡ് പവർ കട്ട് ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സെക്ഷൻ ഓഫീസുകൾക്ക് നൽകിയിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ടുളള ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. ഓരോ സെക്ഷൻ പരിധിയിലും മൂന്ന് പവർ യൂണിറ്റുകൾ 15 മിനിറ്റ് വീതം പവർ കട്ട് ചെയ്യുന്നതോടെ, ഒരു ദിവസം 45 മിനിറ്റ് വൈദ്യുതി നിയന്ത്രണമാണ് ഏർപ്പെടുത്തുക.ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉൽപ്പാദനം ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ, 38 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. വേനൽ മഴ ശക്തിയായില്ലെങ്കിൽ ഡാമുകളിൽ വൈദ്യുതി ഉൽപ്പാദനത്തിനുള്ള ജലം ഇനിയും കുറയുന്നതാണ്. നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി പുറത്തുനിന്നും യൂണിറ്റിന് 20 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നുണ്ട്. വൈദ്യുതി ഉപഭോഗം ഇനിയും വർദ്ധിക്കുകയാണെങ്കിൽ, വരും മാസങ്ങളിൽ അരമണിക്കൂറെങ്കിലും പവർ കട്ട് ചെയ്യുന്നതടക്കമുള്ള തീരുമാനത്തിലേക്ക് എത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *