കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞു കഫേയിൽ നിന്നും പുറത്താക്കി ഉടമ
കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞതിന് കുടുംബത്തെയൊന്നാകെ കഫേയില്‍ നിന്നും പുറത്താക്കി ഉടമ. സംഭവം നടന്നത് മാഗ്‌നറ്റിക് ഐലന്‍ഡിലെ ‘അഡെലെസ്’ എന്ന കഫേയിലാണ്. കുട്ടികളുടെ അമ്മയായ ലോറ എഡ്വാര്‍ഡ്‌സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുറത്തു പോയില്ലെങ്കില്‍ പൊലീസിനെ വിളിക്കും എന്ന് കഫേ ഉടമ ഭീഷണിപ്പെടുത്തി എന്നും ലോറ പറയുന്നു.‘തനിക്കും കുട്ടികള്‍ക്കുമുണ്ടായ അനുഭവത്തില്‍ പ്രതികരിക്കണം, ആ കഫേയിലേക്ക് ആരും പോകരുത്’ എന്നെല്ലാമാണ് ലോറ ആവശ്യപ്പെട്ടതെങ്കിലും ആളുകളില്‍ പലരും പ്രതികരിച്ചത് വ്യത്യസ്തമായാണ്. കഫേ ഉടമ ചെയ്തതില്‍ യാതൊരു തെറ്റുമില്ല എന്ന് പറഞ്ഞവരും ഉണ്ട്. അഡെലെസ് ഇറ്റാലിയന്‍ കഫേയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ലോറ പറഞ്ഞത്, ‘ഇവിടെ ആരും പോകരുത്. അവരുടെ ബിസിനസ് വളരാന്‍ അനുവദിക്കരുത്, അത്രയും മോശമായ അനുഭവമാണ് തനിക്ക് അവിടെയുണ്ടായിരുന്നത്’ എന്നാണ്. ഒരു കുട്ടി കരയുന്ന ശബ്ദവും ലോറ പോസ്റ്റ് ചെയ്ത വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാമായിരുന്നു.കഫേയുടെ ഉടമയായ അഡ്രിയാന്‍ ഡല്ലോസ്റ്റെ പറയുന്നത്, 15 മിനിറ്റ് തുടര്‍ച്ചയായി കുട്ടികള്‍ കരഞ്ഞപ്പോഴാണ് താന്‍ അവരോട് അവിടെ നിന്നും ഇറങ്ങിപ്പോവാന്‍ പറഞ്ഞത് എന്നാണ്. കുട്ടികള്‍ റിസപ്ഷനിലെ അലങ്കാരവസ്തുക്കളെല്ലാം വലിച്ചു പറിച്ചു, ഫ്‌ലാസ്‌കെടുത്ത് തറയിലെറിഞ്ഞു. ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകള്‍ കുടുംബം സൃഷ്ടിച്ചു എന്നും ഉടമ പറയുന്നു. മാത്രമല്ല, ഉറക്കെയായിരുന്നു കുട്ടികള്‍ കരഞ്ഞുകൊണ്ടിരുന്നത്. അത് അവിടെയെത്തിയ മറ്റുള്ളവര്‍ക്ക് വലിയ ശല്ല്യമുണ്ടാക്കി. ആദ്യം താന്‍ വളരെ ശാന്തമായിട്ടാണ് അവരോട് കഫേയില്‍ നിന്നും ഇറങ്ങിപ്പോവാന്‍ പറഞ്ഞത്. അവരത് അനുസരിച്ചില്ല. അങ്ങനെയാണ് പൊലീസിനെ വിളിക്കും എന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നത് എന്നും കഫേയുടമ പറയുന്നു.ലോറയുടെ പോസ്റ്റ് വൈറലായെങ്കിലും അവര്‍ പ്രതീക്ഷിച്ച പിന്തുണ അധികംപേരില്‍ നിന്നും കിട്ടിയില്ല. ഒരാള്‍ പറഞ്ഞത്, ‘കഫേ ഉടമയുടെ സ്ഥാനത്ത് താനായിരുന്നെങ്കിലും ഇങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ. കടയിലെത്തിയ എല്ലാവരേയും കുറിച്ച് ഉടമയ്ക്ക് ചിന്തിക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്നു എന്ന് തോന്നിയപ്പോഴാവാം കടയുടമ പ്രതികരിച്ചത്’ എന്നാണ്.എന്നാല്‍, ചിലരെല്ലാം ലോറയെ പിന്തുണച്ചുകൊണ്ടും മുന്നോട്ട് വന്നു. കുട്ടികളല്ലേ, അവര്‍ ചിലപ്പോള്‍ കരഞ്ഞെന്നോ വികൃതി കാണിച്ചെന്നോ ഒക്കെ വരും. കഫേ ഉടമ ചെയ്തത് മനുഷ്യത്വമില്ലാത്ത പ്രവൃത്തിയാണ് എന്നായിരുന്നു ഇവരുടെ അഭിപ്രായം.