കടിക്കാൻ വരുന്ന പട്ടിക്ക് കൗൺസിലിങ് കൊടുക്കാൻ പറ്റുമോ?” സുപ്രീം കോടതി
ന്യൂഡൽഹി: തെരുവുനായ ശല്യത്തിൽ വിമർശനവുമായി സുപ്രീം കോടതി. ഒരു നായക്ക് കടിക്കണമെന്ന് തോന്നുമ്പോൾ അതിന്‍റെ മനസ് വായിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. നായകളെ പിടിച്ച് കൂട്ടിലാക്കാതെ കൗൺസിലിങ് നൽകാം. ആരെയും കടിക്കരുതെന്ന് പറഞ്ഞു മനസിലാക്കാം. അതാണോ വേണ്ടതെന്നും സുപ്രീം കോടതി ചോദിച്ചു.ചികിത്സയെക്കാൾ പ്രതിരോധമാണ് നല്ലതെന്നും സുപ്രീം കോടതി പറഞ്ഞു. ആളുകളെ കടിക്കുന്നത് കൂടാതെ റോഡുകളിൽ നായ്ക്കളുണ്ടാക്കുന്ന അപകടങ്ങളിലും ഭീഷണികളും വലുതാണെന്നും കോടതി നിരീക്ഷിച്ചു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മാലിന്യ നിക്ഷേപവും ചേരികളും വ്യാപകമായതിനാൽ തെരുവ് നായ്ക്കളെ നീക്കം ചെയ്യുന്നത് നിലവിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. നഗര ആവാസവ്യവസ്ഥയിൽ നായ്ക്കൾക്ക് ഒരു പങ്കുണ്ടെന്നും അവയെ പെട്ടെന്ന് നീക്കം ചെയ്യുന്നത് അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സുപ്രീം കോടതി വിമർശനം നടത്തിയത്.

