അമിതവണ്ണവും മദ്യപാനവും മാത്രമല്ല, മൈക്രോപ്ലാസ്റ്റിക്കുകളും കരൾരോഗ സാധ്യത കൂട്ടുന്നുവെന്ന് പഠനം

Spread the love

അന്തരീക്ഷത്തിൽ നിന്ന് പലവിധത്തിലൂടെ ശരീരത്തിലെത്തുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. രക്തപ്രവാഹത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മൈക്രോപ്ലാസ്റ്റിക്കുകൾ കരൾരോഗസാധ്യത കൂട്ടുന്നുവെന്ന് വ്യക്തമാക്കുന്ന പഠനം പുറത്തുവന്നിരിക്കുന്നു. നേച്ചർ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവിട്ടിരിക്കുന്നത്.ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും പ്രധാന പങ്ക് വഹിക്കുന്ന കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്ന കരളിനേയും മൈക്രോപ്ലാസ്റ്റിക്കുകൾ കീഴടക്കിയെന്നാണ് പഠനം വ്യക്തമാക്കുന്നത്. മൈക്രോപ്ലാസ്റ്റിക്കുകൾ മാത്രമല്ല അതിലും ചെറിയ നാനോ പ്ലാസ്റ്റിക്കുകൾ പോലും കരളിന് സമ്മർദം കൂട്ടാനും വീക്കമുണ്ടാകാനും കാരണമാകുന്നുവെന്ന് ഗവേഷകർ പറയുന്നു. ലോകമെമ്പാടും കരൾരോഗം വർധിച്ചുവരികയാണെന്നും ഇരുപത്തിയഞ്ചു മരണങ്ങളിൽ ഒന്നിനു കാരണം കരൾരോഗമാണെന്നും പഠനത്തിന് നേതൃത്വം കൊടുത്ത എൻവയോൺമെന്റൽ ഹെപ്പറ്റോളജി സെന്റർ ഡയറക്ടറായ പ്രൊഫസർ ശിൽപാ ചൊക്ഷി പറഞ്ഞു.മുൻകാലങ്ങളിൽ അമിതണ്ണം, മദ്യപാനം തുടങ്ങിയവ ഇപ്പോഴും കരൾരോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണെങ്കിലും മൈക്രോപ്ലാസ്റ്റിക്കുകളുടെ സ്വാധീനം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് പറയുകയാണ് ഗവേഷകർ.മദ്യപാനം മൂലമുള്ള കരൾരോഗങ്ങളുടെ സാധ്യത കൂട്ടാനും മൈക്രോപ്ലാസ്റ്റിക്കുകൾ കാരണമായേക്കാമെന്ന് ഗവേഷകർ പറയുന്നു. പ്ലാസ്റ്റിക് ഇൻഡ്യൂസ്‍ഡ് ലിവർ ഇഞ്ചുറി എന്ന പദമാണ് ഗവേഷകർ ഇതിനായി ഉപയോഗിക്കുന്നത്. വിഷയത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിൽ വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ കരുതലോടെ കാണേണ്ട വിഷയമാണിതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മൈക്രോപ്ലാസ്റ്റിക്കുകൾ കാരണമാകുന്നുവെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയ ഗവേഷകർ ഇത് ഹൃദയാഘാത-പക്ഷാഘാത സാധ്യതകൾ വർധിപ്പിക്കുമെന്നാണ് കണ്ടെത്തിയത്. കാംപാനിയ സർവകലാശാലയിലെ ഗവേഷകരായിരുന്നു പഠനത്തിനു പിന്നിൽ. കഴുത്തിലെ പ്രധാന രക്തധമനിയിലെ കൊഴുപ്പ് അടിഞ്ഞതു നീക്കംചെയ്യാൻ ശസ്ത്രക്രിയ ചെയ്ത ഇരുനൂറോളം പേരെ പരിശോധിച്ചപ്പോഴാണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. അക്കൂട്ടത്തിൽ അറുപതു ശതമാനത്തോളം പേരുടെയും പ്രധാനധമനിയിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ മരണംവരെയോ സംഭവിക്കാനുള്ള സാധ്യത 4.5 മടങ്ങ് അധികമാണെന്ന് ഗവേഷകർ പറയുന്നു.*എന്താണ് മൈക്രോപ്ലാസ്റ്റിക് ?*ലോകത്ത് ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടൺ പ്ലാസ്റ്റിക് ആണ്. ഇതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങൾ കഴുകുമ്പോൾപോലും പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലും മണ്ണിലും കലരും.പ്ലാസ്റ്റിക്കിൽനിന്ന് വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർഥങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്. അഞ്ച് മില്ലി മീറ്ററിൽ താഴെ വലുപ്പം. പ്ലാസ്റ്റിക് വലകൾ, കുപ്പികൾ, സഞ്ചികൾ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. നൈലോൺ, പോളി എത്തിലിൻ, പോളി പ്രൊപ്പിലീൻ, പോളി സൾഫോൺ എന്നിവയാണ് പ്രധാനമായും കാണുന്നത്.*ശരീരത്തിലെത്തുന്നത് മൂന്നു വഴികളിലൂടെ*പ്രധാനമായും മൂന്നു വഴികളിലൂടെയാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽനിന്ന്, സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത്. ശ്വാസകോശത്തിന്റെ ഉള്ളറയിലാണ് പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങൾ കണ്ടെത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. വായുനാളി ഏറ്റവും നേർത്തതായതിനാൽ അതിനുള്ളിലൂടെ പ്ലാസ്റ്റിക് കണികകൾ അരിച്ചിറങ്ങില്ല എന്നാണ് ഗവേഷകർ മുമ്പ് കരുതിയിരുന്നത്. ഓരോ മണിക്കൂറിലും മനുഷ്യർ 16.2 പ്ലാസ്റ്റിക് ശകലങ്ങൾ (16.2 bits) ശ്വസിക്കുന്നതായി 2022-ൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.*സൂക്ഷിക്കാം**പ്ലാസ്റ്റിക് തരികളുണ്ടാകാനിടയുള്ള സൗന്ദര്യവർധകവസ്തുക്കൾ, ടൂത്ത് പേസ്റ്റ്, സിന്തറ്റിക് തുണിത്തരങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.**പാക്കറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കാം. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക.**പുകയും പൊടിയുമുള്ള മലിനമായ അന്തരീക്ഷത്തിൽനിന്ന് അകന്നുനിൽക്കുക.**മൈക്രോ പ്ലാസ്റ്റിക് കുറവ് അടങ്ങിയ തുണികൾ കഴിവതും ഉപയോഗിക്കുക.*

Leave a Reply

Your email address will not be published. Required fields are marked *