ലക്ഷണങ്ങളുണ്ടാകണമെന്നില്ല; 2050 ആകുമ്പോഴേക്ക് 200കോടി പേർക്ക് ഫാറ്റിലിവർ വരാമെന്ന് പഠനം
2050 ആകുമ്പോഴേക്ക് ആഗോളതലത്തിൽ ഇരുന്നൂറുകോടിയിലേറെ പേർ ഫാറ്റിലിവർ ഉള്ളവരാകാമെന്ന് റിപ്പോർട്ട്. ലാൻസെറ്റ് ഗ്ലോബൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. എംഎഎസ്എൽഡി(metabolic dysfunction-associated steatotic liver disease) എന്ന മുമ്പ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്ന് വിളിച്ചിരുന്ന അവസ്ഥയാണ് ഇന്ന് വ്യാപകമായി കണ്ടുവരുന്ന കരളിനെ ബാധിക്കുന്ന രോഗമെന്നും പഠനം പറയുന്നു.ദി ലാൻസെറ്റ് ഗ്യാസ്ട്രോഎൻട്രോളജി& ഹെപ്പറ്റോളജി ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പതുവർഷത്തിനിടെ എംഎഎസ്എൽഡി സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുത്തനെ കൂടിയിട്ടുണ്ടെന്നും അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, ടൈപ് 2 ഡയബറ്റിസ് കേസുകൾ കൂടുന്നത് എന്നിവയാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നും ഗവേഷകർ പറയുന്നു. നിലവിൽ 130 കോടിയോളം പേർ ഈ അവസ്ഥയുമായി ജീവിക്കുന്നുണ്ട്. വരും ദശകങ്ങളിൽ ഈ നിരക്ക് വീണ്ടും കൂടും. 1990 മുതൽ രോഗനിരക്കിൽ 143 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2050 ആകുമ്പോഴേക്ക് ഇരുന്നൂറുകോടി ജനങ്ങളെ ബാധിക്കുക മാത്രമല്ല ആഗോളതലത്തിൽ അഞ്ചിലൊരാൾ എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിക്കുമെന്നും പഠനം പറയുന്നു.ഉയർന്ന കലോറിയുള്ള ആഹാരരീതി, വ്യായാമം ഇല്ലാതിരിക്കൽ തുടങ്ങിയവ പ്രധാന പ്രശ്നങ്ങളാണ്. വർഷങ്ങളോളം നിശബ്ദമായി തുടരുമെന്നതാണ് പ്രധാന വെല്ലുവിളി. രോഗലക്ഷണങ്ങൾ പ്രകടമാവുമ്പോഴേക്ക് ലിവർ സിറോസിസ്, കാൻസർ തുടങ്ങിയവ സ്ഥിരീകരിച്ചിരിക്കും. ചില ഘട്ടങ്ങളിൽ കടുത്ത ക്ഷീണം, അടിവയറിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും കാണാം. ചികിത്സ വൈകുന്നതോടെ ലിവർ ഫൈബ്രോസിസ്, സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്ക് നയിക്കും.അടിയന്തര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ഇത് ആരോഗ്യസംവിധാനത്തിനു വലിയ വെല്ലുവിളിയായി തുടരുമെന്നും വിദഗ്ധർ പറയുന്നു.*ഫാറ്റി ലിവർ*കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചുശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കുപുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയകൾ ഉണ്ടാക്കുന്ന എൻഡോ ടോക്സിനുകൾ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങൾ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവർ ഡിസീസിലേക്ക് നയിക്കുന്നു.*ലക്ഷണങ്ങൾ*മിക്കയാളുകളിലും ഫാറ്റി ലിവർ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരിൽ ക്ഷീണവും വയറിന്റെ മുകളിൽ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അൾട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോൾ കരളിലെ എൻസൈമുകൾ (AST, ALT) ഉയർന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളിൽ നീർവീക്കം വരുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് നാഷ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങൾ നശിക്കുകയും, അത് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.

