മൂന്നാറിൽ കുരിശിന് മുകളിൽ കയറി യുവാക്കളുടെ അഭ്യാസപ്രകടനം
മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പള്ളിയുടെ കുരിശിന് മുകളിൽ കയറി യുവാക്കളുടെ അഭ്യാസപ്രകടനം. പുണ്യസ്ഥലത്തെ അപമാനിക്കുന്ന രീതിയിൽ യുവാക്കൾ നടത്തിയ അഭ്യാസപ്രകടനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.മേഖലയിലെ പ്രമുഖ ആരാധനാലയത്തിലെ കുരിശിന് മുകളിലാണ് യുവാക്കൾ അപകടകരമായ രീതിയിൽ കയറി അഭ്യാസം നടത്തിയത്. ലൈക്കുകൾക്കും വ്യൂസിനും വേണ്ടിയാണ് ഇത്തരം പ്രവൃത്തികൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആരാധനാസ്പദമായ ചിഹ്നങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷയെയും ഒരുപോലെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രാദേശികവാസികളും വിശ്വാസികളും ആവശ്യപ്പെട്ടു.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

