കന്യാകുമാരിയിൽ ഏഴു മാസമായി ഭീതി പരത്തിയ 300 കിലോ ഭാരമുള്ള മുതല വലയിലായി

Spread the love

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ തിർപ്പറപ്പിന് സമീപമുള്ള കോതയാറിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ 300 കിലോ ഭാരമുള്ള ഭീമൻ മുതല ഒടുവിൽ പിടിയിലായി. വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥാപിച്ച വലയിലാണ് മുതല കുടുങ്ങിയത്.ഏഴു മാസം മുൻപാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയതും. തുടർന്ന് മുതലയെ പിടികൂടാനായി വനംവകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചുവരികയായിരുന്നു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു. കോഴിയെയും ആടിനെയും ഇരയായി വച്ച് കെണിയൊരുക്കിയെങ്കിലും മുതല പിടിക്കൊടുക്കാതെ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് പ്രത്യേക സംഘം പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുകയും മുതലയുടെ സഞ്ചാരപഥങ്ങളിൽ വലകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെ നിലക്കൽ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് മുതലയെ കാണാനായി ഇവിടെ തടടിച്ചുകൂടിയത്. മാസം നീണ്ട ആശങ്കയ്ക്കൊടുവിൽ മുതല പിടിയിലായത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.വലയിൽ കുടുങ്ങിയ 300 കിലോയോളം തൂക്കമുള്ള മുതലയെ കൂടുതൽ വലകൾ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാർ കരയ്‌ക്കെത്തിച്ചു. തുടർന്ന് സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.അതേസമയം, ആറു വർഷം മുൻപ് ഈ മുതല ചെറുതായിരുന്നപ്പോൾ തന്നെ പലയിടത്തും കണ്ടതായി നാട്ടുകാർ ദൃശ്യങ്ങൾ സഹിതം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും, അത് വ്യാജ വീഡിയോ ആണെന്ന് പറഞ്ഞ് വനംവകുപ്പ് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവുമുണ്ട്.പിടികൂടിയ മുതലയെ എങ്ങോട്ട് മാറ്റുമെന്ന കാര്യം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *