തളിപ്പറമ്പിൽ പുകയില ഉൽപ്പന്നങ്ങളുമായി യു.പി സ്വദേശി എക്‌സൈസ് പിടിയിൽ
തളിപ്പറമ്പ്: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻതോതിൽ പുകയില, ലഹരി ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിലായി. യു.പി സ്വദേശിയായ സുധാമ ചൗഹാൻ (27) ആണ് തളിപ്പറമ്പ എക്‌സൈസിന്റെ വലയിലായത്.തളിപ്പറമ്പ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജോസഫ്. ജെയും സംഘവും ചേർന്ന് തളിപ്പറമ്പ്, മന്ന, പുഷ്പഗിരി തുടങ്ങിയ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മന്നയിൽ വെച്ച് ഇയാൾ പിടിയിലാകുന്നത്. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും നിരോധിത പുകയില ഉൽപ്പന്നങ്ങളും മറ്റ് ലഹരിവസ്തുക്കളും എത്തിച്ചു നൽകുന്ന പ്രധാന കണ്ണികളിലൊരാളാണ് അറസ്റ്റിലായ സുധാമ ചൗഹാൻ.രണ്ടുദിവസം മുമ്പ് ഇയാളുടെ പ്രധാന കൂട്ടാളിയെ തളിപ്പറമ്പ് പോലീസ് ലഹരി ഉൽപ്പന്നങ്ങളുമായി പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായി എക്‌സൈസ് നടത്തിയ ഊർജ്ജിതമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്. കെ, സിവിൽ എക്‌സൈസ് ഓഫീസർ വിനീഷ്. കെ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. മേഖലയിൽ ലഹരി വിൽപന നടത്തുന്ന കൂടുതൽ പേർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു.


