ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും
ലണ്ടൻ: ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും. കാൻർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ വെസ്റ്റ്മിനിസ്റ്റർ ആബെയിൽ ഇന്ത്യൻസമയം പകൽ മൂന്നരയോടെയാണ് കിരീടധാരണച്ചടങ്ങുകൾ തുടങ്ങുക. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും. 2300ലധികം ആളുകൾ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യയിൽനിന്ന് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ എത്തിയിട്ടുണ്ട്.ബക്കിങാം കൊട്ടാരത്തിൽനിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കീരീടധാരണത്തോടനുബന്ധിച്ച് നാലുലക്ഷം പേർക്ക് കൊറോണേഷൻ മെഡൽ സമ്മാനിക്കും. വിവിധ കർമ്മ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നിക്കൽ സിൽവർ മെഡൽ സമ്മാനിക്കുക. പൊലീസ് ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, പ്രിസൺ സ്റ്റാഫ്, ആംബുലൻസ് ജീവനക്കാർ തുടങ്ങിയവർക്കാണ് മെഡലുകൾ സമ്മാനിക്കുക.എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാൾസ് മൂന്നാമൻ കിരീടാവകാശിയാകുന്നത്. സെപ്റ്റംബർ 10-ന് സെയ്ന്റ് ജെയിംസ് കൊട്ടാരത്തിൽനടന്ന ചടങ്ങിൽ ചാൾസ് ഔദ്യോഗികമായി അധികാരമേറ്റിരുന്നു.