മണ്ണ് കടൽ വ്യാപകം : തിരിഞ്ഞുനോക്കതെ അധികാരികൾ

Spread the love

നെയ്യാറ്റിൻകര: പെരുങ്കടവിള പ്രദേശത്ത് പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർത്ത് മണ്ണ് മാഫിയയുടെ താണ്ഡവം. റവന്യൂ-പോലീസ് അധികാരികളുടെ നിഷ്ക്രിയത്വവും അനാസ്ഥയും മുതലെടുത്താണ് മേഖലയിൽ ഏക്കറുകണക്കിന് വരുന്ന കുന്നുകൾ ഇടിച്ച് നിരത്തി വൻതോതിൽ മണ്ണ് കടത്തുന്നത്. പ്രകൃതിദുരന്തങ്ങൾക്ക് വഴിവെക്കുന്ന ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വൻ ജനരോഷമാണ് പ്രദേശത്ത് ഇരമ്പുന്നത്.പെരുങ്കടവിള പഞ്ചായത്തിലെ വിവിധ വാർഡുകളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജെസിബികളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് കുന്നുകൾ ഇടിച്ചുനിരത്തുന്നത്. നൂറുകണക്കിന് ടിപ്പർ ലോറികളിലാണ് ദിവസേന മണ്ണ് കടത്തുന്നത്. കുന്നിടിക്കൽ കാരണം പ്രദേശത്തെ പരമ്പരാഗത കുടിവെള്ള സ്രോതസ്സുകൾ വറ്റിവരളുകയും മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന മഴക്കാലത്ത് വൻ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഇത് വഴിവെക്കുമെന്ന ഭീതിയിലാണ് ഗ്രാമവാസികൾ.നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടും അധികൃതർ കണ്ണ് തുറക്കുന്നില്ല. സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്താനോ നടപടിയെടുക്കാനോ റവന്യൂ വകുപ്പോ പോലീസോ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയും – ബന്ധത്തിന്റെ ബലത്തിലുമാണ് ഈ പകൽക്കൊള്ളയെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികൾ നൽകിയ പരാതികൾ റവന്യൂ ഓഫീസുകളിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.നാടിന്റെ പരിസ്ഥിതി തകർക്കുന്ന മണ്ണ് മാഫിയയുടെ കടന്നുകയറ്റത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. വൻതോതിലുള്ള പരിസ്ഥിതി നാശത്തിന് വഴിവെക്കുന്ന അനധികൃത മണ്ണെടുപ്പ് ഉടനടി അവസാനിപ്പിക്കാനും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും റവന്യൂ-പോലീസ് അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ബഹുജനങ്ങളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *