LatestHEALTHNEWS

ഒറ്റത്തവണ ഉപയോഗിക്കേണ്ട മെഡിക്കൽ ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കരുത്! ആശുപത്രികൾക്ക് കേന്ദ്രത്തിന്റെ കർശന നിർദേശം

Spread the love

രോഗികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകാതിരിക്കാൻ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന മെഡിക്കൽ ഉപകരണങ്ങളുടെയും ശസ്ത്രക്രിയാ സാമഗ്രികളുടെയും പുനരുപയോഗം നിരോധിച്ച് കേന്ദ്ര സർക്കാർ. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ആരോഗ്യകേന്ദ്രങ്ങൾക്കാണ് നിർദേശം ബാധകമാകുന്നത്. കാർഡിയോളജി, വൃക്കരോഗ ചികിത്സ, അർബുദ ചികിത്സ, ഹൃദയ-ശ്വാസകോശ ശസ്ത്രക്രിയ, നാഡീശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളിൽ ഇത്തരം ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചിട്ടും രോഗികളിൽനിന്ന് മുഴുവൻ തുകയും ഈടാക്കുന്നതായും അധികൃതർ കണ്ടെത്തിയിരുന്നു.നിർദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം എന്നിവയോട് ഡി.ജി.എച്ച്.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധന നടത്താനും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട നിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കാനും നിർദേശമുണ്ട്. ഉപകരണങ്ങളുടെ പുനരുപയോഗം അണുബാധ നിയന്ത്രണം, രോഗികളുടെ സുരക്ഷ, നിയമപരമായ ബാധ്യതകൾ, ചികിത്സാച്ചെലവ് എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തുന്നതായും അധികൃതർ വ്യക്തമാക്കി.1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, 2017ലെ മെഡിക്കൽ ഡിവൈസസ് റൂൾസ്, 2010ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് എന്നിവയ്ക്കു പുറമേ അണുബാധ നിയന്ത്രണ ചട്ടങ്ങളുടെയും ജൈവവൈദ്യ മാലിന്യ സംസ്കരണ വ്യവസ്ഥകളുടെയും ലംഘനമാകാം ഇത്തരം നടപടികളെന്നും ഡി.ജി.എച്ച്.എസ് ചൂണ്ടിക്കാട്ടി. ഒറ്റത്തവണ ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത ഉപകരണങ്ങൾ വീണ്ടും വൃത്തിയാക്കി അണുവിമുക്തമാക്കി ഉപയോഗിക്കാനുള്ളതല്ല. അവ ആവർത്തിച്ച് ഉപയോഗിക്കുന്നത് രോഗികളിൽ അണുബാധയ്ക്കും ഉപകരണങ്ങളുടെ തകരാറുകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.കത്തീറ്ററുകളും ഡയാലൈസറുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇന്ത്യയിൽ വ്യാപകമായി പുനരുപയോഗിക്കുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും, ഈ പ്രവണത നിയന്ത്രിക്കാൻ ദേശീയതലത്തിൽ വ്യക്തമായ നയങ്ങളുടെ അഭാവം പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ഡി.ജി.എച്ച്.എസ് അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാനുള്ളതെന്ന് അടയാളപ്പെടുത്തിയ ഉപകരണം ആശുപത്രി വീണ്ടും ഉപയോഗിച്ചാൽ അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം നിർമാതാവിനല്ല, മറിച്ച് ഉപകരണം വീണ്ടും ഉപയോഗിച്ച ആശുപത്രിക്കോ വ്യക്തിക്കോ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആശുപത്രികളിലെ ചികിത്സാ നടപടികളിൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതും പുതിയ നിർദേശത്തിന്റെ പ്രധാന ലക്ഷ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *