രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്കിടെ വ്യാപക അപകടങ്ങൾ; 5 മരണം, 300-ലേറെ പേർക്ക് പരിക്ക്
ഡൽഹി: രാജ്യത്തുടനീളം ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ വിവിധ അപകടങ്ങളിൽ അഞ്ചുപേർ മരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി മുന്നൂറിലധികം പേർക്ക് പരിക്കേറ്റു. ഡൽഹി, തമിഴ്‌നാട്, രാജസ്ഥാൻ, പുണെ എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ മാത്രം 269 പേർ പൊള്ളലേറ്റ് ചികിത്സ തേടിയപ്പോൾ, ഡൽഹിയിലും തമിഴ്‌നാട്ടിലും ഓരോ കുട്ടികൾ വീതം പടക്ക അപകടത്തിൽ മരിച്ചു. ഹൈദരാബാദിൽ പടക്കം പൊട്ടി കണ്ണിന് പരിക്കേറ്റ 32 പേരിൽ ഒരാൾക്ക് കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടു.അന്ധേരിയിലെ 27 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാനിലെ ഫാൽനയിൽ പടക്കക്കടയ്ക്ക് തീപിടിച്ച് രണ്ടുപേർ മരണപ്പെടുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തു. മുംബൈയിൽ 28 ഇടത്തും പുനെയിൽ 63 ഇടത്തും ആഘോഷരാവിൽ തീപിടിത്തങ്ങൾ ഉണ്ടായി. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 16,000-ത്തിലധികം ആംബുലൻസ് കോളുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തുടനീളം കനത്ത പടക്ക പ്രയോഗം കാരണം നിരവധി നഗരങ്ങളിൽ അന്തരീക്ഷ വായു നിലവാരവും ഗുരുതരമായി ബാധിക്കപ്പെട്ടു.

