LatestHEALTHNEWS

1000 കോടിയുടെ ആരോഗ്യ ഫണ്ട് രൂപീകരിക്കാൻ നിർദേശം; 10,000 പേരിൽനിന്ന് 10 ലക്ഷം വീതം സമാഹരിക്കും

Spread the love

തിരുവനന്തപുരം : 1000 കോടി രൂപയുടെ ആരോഗ്യ ഫണ്ട് രൂപീകരിക്കാൻ നിർദേശവുമായി നോർക്ക ഗ്ലോബൽ കേരള ഹെൽത്ത് ഫണ്ട് പദ്ധതി. 10,000 പേരിൽനിന്ന് 10 ലക്ഷം രൂപ വീതം സമാഹരിച്ച് ഫണ്ട് രൂപീകരിക്കാനാണ് ആലോചന. മുഖ്യമന്ത്രി അധ്യക്ഷനായ ആരോഗ്യ ടാസ്ക് ഫോഴ്‌സിനായി തയാറാക്കിയ പശ്ചാത്തലരേഖയിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്.ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാതൃകയിൽ കേരളത്തിലും എല്ലാ വർഷവും ആഗോള ആരോഗ്യസമ്മേളനം സംഘടിപ്പിക്കണമെന്നും രേഖ ശുപാർശ ചെയ്യുന്നു. ആരോഗ്യരംഗത്തെ ആഗോള സഹകരണം ശക്തിപ്പെടുത്തുകയും വിവിധ സ്രോതസ്സുകളിൽനിന്ന് നിക്ഷേപം ആകർഷിക്കുകയുമാണ് ലക്ഷ്യം.ഫണ്ടിലെ തുക ആവശ്യാനുസരണം വിനിയോഗിക്കാനാണ് നിർദേശം. സംഭാവന നൽകുന്നവർക്ക് തുക പ്രത്യേക ജില്ലയ്ക്കോ കരാറുകാരനോ വേണ്ടി നീക്കിവയ്ക്കാൻ അനുമതിയുണ്ടാകില്ല. ഇൻഷുറൻസ് കമ്പനികൾ, ആഗോള ബാങ്കുകൾ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ നിധികൾ തുടങ്ങിയവയിൽനിന്നും സാമ്പത്തിക സഹായം തേടാനും പദ്ധതിയുണ്ട്.15 അംഗ ഡോണേഴ്‌സ് കൗൺസിലിനായിരിക്കും ഫണ്ടിന്റെ നിയന്ത്രണച്ചുമതല. കൗൺസിലിൽ പണം സംഭാവന ചെയ്ത 10 പേർ അംഗങ്ങളായിരിക്കുമെന്നാണ് പശ്ചാത്തലരേഖയിലെ നിർദേശം.ആഗോള ആരോഗ്യസമ്മേളനം സംഘടിപ്പിക്കുന്നതിനായി ‘വേൾഡ് ഹോളിസ്റ്റിക് ഹെൽത്ത് ഫോറം’ എന്ന സന്നദ്ധസംഘടന രൂപീകരിക്കാനും പദ്ധതിയുണ്ട്. സംഘടനയ്ക്ക് സർക്കാർ പിന്തുണ ലഭിക്കണമെന്നും നിർദേശിക്കുന്നു. ഏതാനും സംരംഭകർ പദ്ധതിക്കായി മൂലധനം നിക്ഷേപിക്കുമെന്നാണ് രേഖയിൽ പറയുന്നത്. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.അതേസമയം, മുഖ്യമന്ത്രി അധ്യക്ഷനായ ആരോഗ്യ ടാസ്ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങളും നിർദേശങ്ങളും ഇന്ന് നിയമസഭയിൽ സിപിഐഎം ചോദ്യം ചെയ്യുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *