LatestNEWS

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ; ഇഡിയുടെ നിലപാടും നിർണായകം

Spread the love

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ നടപടികൾ വിലയിരുത്തിയ ശേഷമായിരിക്കും കേസിൽ തുടർനീക്കങ്ങൾ സ്വീകരിക്കുകയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതി താൽക്കാലിക സ്റ്റേ അനുവദിച്ച കാര്യവും പിണറായി വിജയൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.എതിർകക്ഷിയുടെ വാദം കേൾക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് സുപ്രീംകോടതി നേരത്തേ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ നേരിട്ട് ഹാജരാകണമെന്ന നിർദേശം ലഭിച്ചിരുന്നെങ്കിലും നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ നടപടികളും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് പിണറായി വിജയൻ അറിയിച്ചിരുന്നു. അപ്പീലിൽ മുതിർന്ന അഭിഭാഷകരെ അണിനിരത്തി ശക്തമായ വാദങ്ങൾ ഉന്നയിക്കാനാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ നീക്കം. അപ്പീൽ നൽകാനുള്ള അവകാശം സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവിൽ നടത്തിയ പരാമർശങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് ഇവരുടെ വിലയിരുത്തൽ.ഹൈക്കോടതിയിൽ അപ്പീൽ പരിഗണിക്കുമ്പോൾ ഇഡി അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യവും പിണറായി വിജയന്റെ ഭാഗത്തുനിന്ന് ഉയർന്നേക്കും. എന്നാൽ, അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ലെന്നാണ് ഇഡിയുടെ നിലപാട്. പിഎംഎൽഎയിലെ 66(2) വകുപ്പ് പ്രകാരം പിണറായി വിജയനെതിരെ ഇഡി നടത്തിയ വിവര കൈമാറ്റം സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട തെളിവുകൾ നിലനിൽക്കുമെന്നുമാണ് ഏജൻസിയുടെ വിലയിരുത്തൽ. ഇസിഐആറിന്റെ നിയമസാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. കേസിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഇഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ കൊച്ചി ഓഫീസിൽ യോഗം ചേർന്നിരുന്നു. ഹൈക്കോടതിയുടെ ഇന്നത്തെ നിലപാട് കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *