ഛർദിയും തലവേദനയും വയറിന്റെ പ്രശ്നമെന്ന് പറഞ്ഞു, ഒടുവിൽ നാലാംവയസ്സിൽ മകനെ നഷ്ടമായി- കുറിപ്പ്

Spread the love

രോഗസ്ഥിരീകരണം വൈകിയതുകൊണ്ടുമാത്രം നഷ്ടമായ മകനേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു മാതാപിതാക്കൾ. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് ശ്രിയാൻ എന്ന നാലുവയസ്സുകാരന് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനേക്കുറിച്ചും രോഗംതിരിച്ചറിയാൻ വൈകിയതിനാൽ മകന്റെ ജീവൻ നഷ്ടമായതിനേക്കുറിച്ചും മാതാപിതാക്കൾ പങ്കുവെച്ചത്.നാലാംവയസ്സിൽ ശ്രിയാൻ ക്രിക്കറ്റ് കളിക്കുമ്പോൾ ഭാവിയിലേക്കൊരു താരം വളരുകയാണെന്നാണ് തങ്ങൾ കരുതിയിരുന്നതെന്നും എന്നാൽ വൈകാതെ അവന്റെ ജീവൻ നഷ്ടമാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. 2020-ൽ മകന് രണ്ടുവയസ്സ് പ്രായമുള്ളപ്പോഴാണ് ആദ്യമായി ബാറ്റ് നൽകുന്നത്. പതിയെ മകൻ അനായാസം ബാറ്റിങ് ചെയ്തുതുടങ്ങി. ക്രിക്കറ്റ് പരിശീലനത്തിനായി രാവിലെ അഞ്ചുമണിക്ക് മകൻ എഴുന്നേൽപ്പിക്കുമായിരുന്നു. ഒരിക്കൽ മകൻ ക്രിക്കറ്റ് കളിക്കുന്ന വീഡിയോകൾ പങ്കുവെച്ചപ്പോൾ സച്ചിൻ തെണ്ടുൽക്കർ അവ കാണുകയും ആ റീലുകളിലൊന്ന് ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. മുംബൈ ഇന്ത്യൻസ് അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെക്കുക പോലും ചെയ്തിരുന്നു.ആറുമാസത്തിനുശേഷം മകനെ ക്രിക്കറ്റ് അക്കാദമിയിൽ ചേർക്കാൻ തീരുമാനിച്ചതിനേക്കുറിച്ചും കുറിപ്പിലുണ്ട്. പരിശീലകർ‌ക്ക് സംശയമുണ്ടായിരുന്നെങ്കിലും പത്തുദിവസത്തെ ട്രയൽ സമയം നൽകി. ഒരൊറ്റ മാച്ചിൽ അവൻ 77 റൺ നേടി. മകൻ വൈകാതെ അവിടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. സീനിയേഴ്സ് പോലും അവന്റെ കളികണ്ടുനിൽ‍ക്കും. പക്ഷേ ഒരു ഹൃദയമിടിപ്പിന്റെ വേഗതയിലാണ് എല്ലാംമാറിമറിഞ്ഞതെന്നാണ് മകന്റെ രോഗവിവരത്തേക്കുറിച്ച് മാതാപിതാക്കൾ പറയുന്നത്.ജനുവരിയിൽ ശ്രിയാന് തുടർച്ചയായി ഛർദിയും തലവേദനയും വന്നു. പെട്ടെന്ന് തളരാൻ തുടങ്ങി. ആശുപത്രിയിൽ എത്തിച്ചപ്പോൾ വയറിന്റെ പ്രശ്നമാണെന്നാണ് പറഞ്ഞിരുന്നത്. ഓരോ പത്തുദിവസം കൂടുമ്പോഴും ഇതാവർത്തിച്ചപ്പോൾ എന്തോകുഴപ്പമുണ്ടെന്ന് ഭാര്യക്കും തോന്നി. എംആർ‍ഐ എടുക്കണമെന്ന് ഡോക്ടർമാരോട് അഭ്യർഥിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. ജനുവരി മുപ്പത്തിയൊന്നിനാണ് ഒരു ന്യൂറോളജിസ്റ്റ് മകനെ ബാധിച്ചത് മസ്തിഷ്ക അണുബാധയാണെന്ന് വ്യക്തമാക്കിയത്. അപ്പോഴേക്കും ഏറെ സമയം കഴിഞ്ഞിരുന്നു. ഐസിയുവിലേക്ക് എത്തിച്ച് എംആർഐ ചെയ്യാൻ ശ്രമിച്ചപ്പോഴേക്കും ശ്രിയാന് അപസ്മാരമുണ്ടായി. അവന്റെ ഹൃദയമിടിപ്പ് നിലച്ചു. ഞങ്ങളുടെ ലോകവും അതിനൊപ്പം നിലച്ചു.അടുത്തിടെ മകൻ ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ അവസാന ക്ലിപ് കണ്ടു. അതിൽപ്പോലും അവസാന പന്തിൽ അവൻ സിക്സറടിച്ചു. അവനൊരിക്കലും വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നില്ല. – കുറിപ്പിൽ പറയുന്നു.*മസ്തിഷ്കജ്വരം*മസ്തിഷ്ക കോശങ്ങളിലെ വീക്കമാണ് എൻസഫലൈറ്റിസ് എന്നറിയപ്പെടുന്ന മസ്തിഷ്കാണുബാധ അഥവാ മസ്തിഷ്കജ്വരം. ബാക്ടീരിയൽ അണുബാധകൾ, പ്രതിരോധസംവിധാനം തെറ്റായി തലച്ചോറിനെ ആക്രമിക്കുമ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാം. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. പനി, ക്ഷീണം, തലവേദന തുടങ്ങിയ സാധാരണ ലക്ഷണങ്ങളോടെയാണ് പലപ്പോഴും പ്രകടമാവുക. ചികിത്സ വൈകുംതോറും അപസ്മാരം, സംസാരശേഷി കുറയുക, ബോധം നഷ്ടമാവുക, ഛർദി തുടങ്ങിയവയുണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *