കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ വിജയം പ്രവചിച്ച്‌ ഡി ബി ലൈവ് എക്സിറ്റ് പോള്‍

Spread the love

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ വിജയം പ്രവചിച്ച്‌ ഡി ബി ലൈവ് എക്സിറ്റ് പോള്‍. യുഡിഎഫിന് 43 ശതമാനം, എല്‍ഡിഎഫിന് 40 ശതമാനം, എൻഡിഎ 15 ശതമാനം, മറ്റുള്ളവര്‍ രണ്ട് ശതമാനം എന്നിങ്ങനെ വോട്ട് ഷെയര്‍ ലഭിക്കുമെന്നാണ് പ്രവചനം.അത് സീറ്റിലേക്ക് എത്തുമ്പോള്‍ യുഡിഎഫിന് 78 മുതല്‍ 84 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. 52 -58 സീറ്റുകളിലേക്ക് എല്‍ഡിഎഫ് ഒതുങ്ങും. എൻഡിഎയ്ക്ക് രണ്ട് മുതല്‍ ആറ് വരെ ലഭിച്ചേക്കുമെന്നും ഡി ബി ലൈവ് എക്സിറ്റ് പോള്‍ പറയുന്നു. ഹിന്ദി മാധ്യമമായ ദേശബന്ധുവിന്‍റെ ഇന്‍റർനെറ്റ് ടി വി ചാനലാണ് ‘ഡി ബി ലൈവ്’.2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രമുഖ എക്സിറ്റ് പോളുകള്‍ എല്ലാം മോദി തരംഗം പ്രവചിച്ചപ്പോള്‍ ഇന്ത്യ സഖ്യം മികവ് കാണിക്കുമെന്ന പ്രവചിച്ച എക്സിറ്റ് പോള്‍ ആയിരുന്നു ഡി ബി ലൈവ് പുറത്ത് വിട്ടത്. എൻഡിഎയ്ക്ക് 201 മുതല്‍ കൂടിയാല്‍ 241 വരെ സീറ്റ് മാത്രമേ ലഭിക്കൂ എന്നായിരുന്നു ഡി ബി ലൈവ് വിലയിരുത്തിയത്. 255 മുതല്‍ 290 വരെ സീറ്റ് ഇന്ത്യ സഖ്യത്തിന് കിട്ടുമെന്നും ഈ എക്സിറ്റ് പോള്‍ പ്രവചിച്ചിരുന്നു. ഇരു മുന്നണികളും തമ്മില്‍ കടുത്ത പോരാണ് നടക്കുന്നതെന്ന് പ്രവചിക്കാൻ ഡി ബി ലൈവിന് സാധിച്ചു.അതേസമയം, പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടി നല്‍കി കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നതെങ്കില്‍ പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍ പ്രവചിക്കുന്നു. സിഎന്‍എന്‍ വോട്ട് വൈബ് 70-80, പീപ്പിള്‍ പള്‍സ് 75-85, ടൈംസ് നൗ ജെവിസി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് മറ്റ് ഏജന്‍സികള്‍ യൂഡിഎഫ് ഭരണത്തിന് സാധ്യത കല്‍പ്പിക്കുന്നത്.എന്നാല്‍, യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം യു ഡി എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എല്‍ ഡി എഫിനും ഭരണത്തിലേറാം. യു ഡി എഫ് 60 മുതല്‍ 78 സീറ്റുകള്‍ വരെ നേടിയേക്കാമെന്ന് പ്രവചിക്കുമ്പോള്‍ എല്‍ ഡി എഫ് 55 മുതല്‍ 73 സീറ്റുകള്‍ വരെ നേടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍. ഇതിനൊപ്പം തന്നെ ബി ജെ പി നേതൃത്വം നല്‍കുന്ന എൻ ഡി എ മുന്നണിക്കും വലിയ നേട്ടമുണ്ടാകുമെന്നും പ്രവചനം ചൂണ്ടികാട്ടുന്നു. എൻ ഡി എ 3 മുതല്‍ 11 സീറ്റുകള്‍ വരെ നേടി നിർണ്ണായക ശക്തിയാകുമെന്നാണ് ചാണക്യയുടെ പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഇക്കുറി തൂക്കുസഭയാകുമെന്നാണ് ചാണക്യയുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *