കോഴ കേസിൽ 21 ദിവസത്തിനകം നിലപാട് വിശദീകരിക്കണം; ഗൗതം അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ സമന്‍സ്
ഗൗതം അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ സമന്‍സ്. സൗരോര്‍ജ കരാറിനു വേണ്ടി ഇന്ത്യയില്‍ 2200 കോടി രൂപ കോഴ നല്‍കിയെന്ന കേസില്‍ 21 ദിവസത്തിനകം നിലപാട് വിശദീകരിക്കാനും നിര്‍ദേശം. ഇതിനിടെ അദാനിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹർജി.
സൗരോര്‍ജ കരാറുകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ 2200 കോടി രൂപ കോഴ നല്‍കിയെന്ന കേസില്‍ അദാനി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഗൗതം അദാനിക്കും അനന്തരവന്‍ സാഗറിനുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന്‍ സമന്‍സ് അയച്ചത്. 21 ദിവസത്തിനകം ഫെഡറല്‍ റൂള്‍സ് ഓഫ് സിവില്‍ പ്രെസീജിയര്‍ പ്രകാരം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. പ്രതികരിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും സമന്‍സില്‍ പറയുന്നു.
അദാനിയും, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ഡയറക്ടറായ സാഗറുമടക്കം എട്ടുപേര്‍ക്കെതിരെയാണ് ന്യൂയോര്‍ക്ക് കോടതിയില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. 20 വര്‍ഷത്തിനുള്ളില്‍ പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ്ജ വിതരണകരാറുകള്‍ നേടാനും ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും അദാനി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് കേസ്.
അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരിച്ചത്. ഹിന്‍ഡന്‍ ബര്‍ഗ്, യുഎസ് കുറ്റപത്രം എന്നീ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അദാനിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അഭിഭാഷകന്‍ വിഷാല്‍ തിവാരിയാണ് ഹർജി സമര്‍പ്പിച്ചത്.