ദുബായിലെ പുതിയ രണ്ട് സാലിക് ഗേറ്റുകൾ നാളെ മുതൽ പ്രവർത്തന സജ്ജം
ദുബായിലെ പുതിയ 2 സാലിക് ഗേറ്റുകൾ നവംബർ 24 മുതൽ പ്രവർത്തന സജ്ജമാകും. ബിസിനസ് ബേയിലും അൽ സഫ സൗത്തിലുമാണ് പുതിയ ഗേറ്റുകൾ. ഇതോടെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി മാറും. ദുബായ് അൽഖെയിൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മൽ സീഫ് സ്ട്രീറ്റിനുമിടയിൽ ഷെയ്ഖ് സായിദ് റോഡിലെ അൽ സഫാ സൗത്തിലുമാണ് പുതിയ സാലിക് ഗേറ്റുകൾ വരുന്നത്. 2 സാലിക് ഗേറ്റുകളും നാളെ മുതൽ പ്രവർത്തന സജ്ജമാകും.
ഇതോടെ എമിറേറ്റിലെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം പത്താകും. പുതിയ ഗേറ്റുകൾ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ദുബായിലെ പ്രധാന റോഡുകളിലെ ഗതാഗതം 42 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തലെന്ന് ആർടിഎ അറിയിച്ചു. നിലവിലുള്ള 8 ടോൾ ഗേറ്റുകളിലൂടെ 59 കോടി 30 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വർഷം കടന്ന് പോയത്. ഈ വർഷം ജൂണ്‍ അവസാനം വരെ 23 കോടി 85 ലക്ഷം വാഹനങ്ങൾ സാലിക്ക് ഗേറ്റ് വഴി യാത്ര ചെയ്തു. 100 കോടിയിലേറെ ദിർഹമാണ് ഇക്കാലയളവിലെ സാലിക് വഴിയുള്ള വരുമാനം.