കാപ്പാ നിയമപ്രകാരം നാടു കടത്തിയ കുപ്രസിദ്ധ ഗുണ്ട നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കേസിൽ അറസ്റ്റിൽ
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും , ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നിന്നും നാടു കടത്തിയ കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ തോണ്ടലിൽ പടീറ്റതിൽ വീട്ടിൽ സുരേന്ദ്രൻ മകൻ വിജിത്ത് ( 25) നെ ആണ് ടി ഉത്തരവ് ലംഘിച്ച് ആലപ്പുഴ ജില്ലയിലെ കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ ഒരു വർഷക്കാലത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അവർകളുടെ കാപ്പാ നിയമം 15 (1) പ്രകാരമുള്ള ഉത്തരവിന്റെയടിസ്ഥാനത്തിൽ 15.01.2024 തീയതിയിലാണ് വിജിത്തിനെ ആലപ്പുഴ ജില്ലയിൽ നിന്നും നാടു കടത്തിയത്. ഈ ഉത്തരവ് നിലനിൽക്കേ ഇയാൾ കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞു വന്നിരുന്നതും ജയിൽ മോചിതനുമായ ശങ്കർ എന്നു വിളിക്കുന്ന അനൂപിനെ കാണാനായി ഞക്കനാലുള്ള ടിയാൻ്റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസിനെ കണ്ട് വിജിത്ത് യാത്ര ചെയ്ത് വന്ന KL – 26 – M – 8086 -ാം നമ്പർ സ്വിഫ്റ്റ് കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് കാർ പരിശോധിച്ച പോലീസിന് കാറിൽ നിന്നും മാരകായുധമായ വാളും, വിജിത്തിൻ്റെ പേഴ്സും, അധാർ കാർഡിൻ്റെ പകർപ്പും ലഭിക്കുകയുണ്ടായി. തുടർന്ന് വിജിത്തിനെ പിന്തുടർന്ന പോലീസ് രാത്രിയിൽ അടൂർ ഭാഗത്ത് വെച്ച് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കാപ്പാ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കിയ വിജിത്തിനെ കോടതി ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു. കായംകുളം സി. ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ഉദയകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ദീപക്, ഷാജഹാൻ, പ്രദീപ്, ഫിറോസ് അരുൺ, സബീഷ്, അരുൺ കൃഷ്ണൻ, വിവേക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചവരെപ്പറ്റി അന്വേഷിച്ച് വരുന്നതായി കായംകുളം പോലീസ് അറിയിച്ചു.