കടത്തു പ്രതിസന്ധിയിൽ അദാനി ഗ്രൂപ്പ് : അദാനിയുടെ കടപത്രങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു

Spread the love

മുംബൈ: അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. ഓഹരികള്‍ക്കൊപ്പം അദാനിയുടെ കടപത്രങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ വിലയിടിഞ്ഞു. വായ്പയ്ക്ക് ഈടായി അദാനിയില്‍ നിന്ന് ഓഹരികള്‍ സ്വീകരിക്കുന്നത് ബാങ്കുകളും നിര്‍ത്തിത്തുടങ്ങി. ഓഹരിവിപണിയില്‍ ഇന്നലയും കൂപ്പുകുത്തി വീണതോടെ അദാനിയുടെ ഓഹരി മൂല്യത്തില്‍ ഒരാഴ്ചയുണ്ടായ ഇടിവ് എട്ടര ലക്ഷം കോടി രൂപ കടന്നു.ഒരു വശത്ത് അദാനിയുടെ ഓഹരികള്‍ നിലയില്ലാതെ താഴേക്ക് വീണ് കൊണ്ടിരിക്കുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകാതെ വലയുമ്പോഴാണ് അന്താരാഷ്ട്ര വിപണിയില്‍ അദാനിയുടെ കടപ്പത്രങ്ങളും തകര്‍ച്ച നേരിടുന്നത്. അദാനിഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങള്‍ പണയമായി സ്വീകരിച്ച് വായ്പനല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സ്യൂസിയുടെ തീരുമാനം വന്നതിന് പിന്നാലെയാണ് ഈ വീഴ്ചയുടെ വേഗം കൂടിയത്. അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ കടപ്പത്രങ്ങള്‍ക്കാണ് വന്‍ വിലയിടിവുണ്ടായതറ. ഓഹരി ഈടായി വാങ്ങി അദാനിക്ക് ഇനി വായ്പയില്ലെന്ന് സിറ്റി ഗ്രൂപ്പ് പറയുന്നു.ഓഹരി മൂല്യം ഇടിഞ്ഞതിനാല്‍ കൂടുതല്‍ ഓഹരി ഈടായി ചോദിക്കുകയാണ് ബാര്‍ക്ലെയ്‌സ് ബാങ്ക്. അതിനിടെ അദാനിക്ക് നല്‍കിയ വായ്പാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യന്‍ ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടെന്ന വിവരവും ഇന്ന് പുറത്ത് വന്നു. തുടര്‍ ഓഹരി വില്‍പന റദ്ദാക്കി നിക്ഷേപക താത്പര്യങ്ങള്‍ക്കൊപ്പമെന്ന് ഗൗതം അദാനി പറയുമ്പോഴും അദാനി എന്റെര്‍പ്രൈസസിന്റെ ഓഹരി വില ഇന്നും 26 ശതമാനത്തിലേറെ താഴ്ന്നു. 100 ബില്യണ്‍ ഡോളറിലേറെയാണ് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് പിന്നാലെ അദാനിക്കുണ്ടായ നഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *